കോഴിക്കോട് : വടകര മുനിസിപ്പാലിറ്റി സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ശുചിത്വ പദവിയിലേക്ക്. മൂന്നുവര്‍ഷത്തെ നിരന്തരമായ ഇടപെടലുകളുടെ ഫലമായാണ് ഈ നേട്ടത്തിലേക്ക് വടകര മുനിസിപ്പാലിറ്റി എത്തുന്നത്. ഓഗസ്റ്റ് ആദ്യവാരം ഇതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന് നടത്തും.
2017 ജൂലൈ മാസത്തിലാണ് വടകര മുനിസിപ്പാലിറ്റി മാലിന്യമുക്തമാക്കാന്‍ ക്ലീന്‍ സിറ്റി -ഗ്രീന്‍ സിറ്റി- സീറോ വേസ്റ്റ് വടകര എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. 63 ഹരിതകര്‍മ്മസേന അംഗങ്ങള്‍ 47 വാര്‍ഡുകളിലായി 18,000 വീടുകളില്‍ നിന്നും 7000 കടകളില്‍ നിന്നുമാണ് അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നത്. മുനിസിപ്പാലിറ്റിയിലെ ഓരോ വാര്‍ഡിലെയും വീടുകളെ 50 വീതമുള്ള ക്ലസ്റ്ററുകള്‍ ആക്കി ഓരോന്നിനും ഒരു സന്നദ്ധ പ്രവര്ത്തകന് ക്ലസ്റ്റര്‍ ലീഡര്‍ ആയും കൗണ്‍സിലറെ സഹായിക്കാന്‍ വാര്‍ഡില്‍ ഒരു ഗ്രീന്‍ വാര്‍ഡ് ലീഡറെയും തെരഞ്ഞെടുത്താണ് പ്രവര്‍ത്തനമാരംഭിച്ചത്.
അജൈവ മാലിന്യ ശേഖരണത്തിന് ഓരോ ക്ലസ്റ്റര്‍ തലങ്ങളില്‍ ശേഖരണ കേന്ദ്രങ്ങളും വാര്‍ഡ് തലങ്ങളില്‍ മിനി എം സി എഫും മുനിസിപ്പല്‍ തലത്തില്‍ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന് നഗരഹൃദയത്തില്‍ തന്നെ ഒരു എംആര്എഫുമുണ്ട്. ഹരിത കര്‍മ്മ സേന അംഗങ്ങളില്‍ നിന്ന് തന്നെ അഞ്ച് പേര് വീതമുള്ള അഞ്ച് ഗ്രൂപ്പുകളിലായി പരിസ്ഥിതിസൗഹൃദ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഗ്രീന്‍ ഷോപ്പ്, ഇലക്ട്രോണിക് വേസ്റ്റുകള്‍ റിപ്പയര്‍ ചെയ്യുന്ന റിപ്പയര്‍ ഷോപ്പ്, ഉപയോഗിച്ചു കഴിഞ്ഞ വസ്ത്രങ്ങളും മറ്റു ഉല്‍പ്പന്നങ്ങളും കൈമാറ്റം ചെയ്യുന്ന സ്വാപ്പ് ഷോപ്പ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന് ഡിസ്പോസിബിള്‍ പാത്രങ്ങള്‍ക്ക് ബദലായുള്ള പ്ലേറ്റ്, ഗ്ലാസ് എന്നിവ നല്കുന്ന റെന്റ് ഷോപ്പ്, കൃഷി ചെയ്തുകൊടുക്കുന്ന ഗ്രീന്‍ ആര്‍മി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. 82 ശതമാനം വീടുകളില്‍ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്ന സംവിധാനങ്ങളും ബാക്കിയുള്ളവര്‍ക്ക് ഈ വര്‍ഷം അവ നല്‍കുകയും ചെയ്യും.92 ശതമാനം വീടുകളില്‍ നിന്നും യൂസര്‍ ഫീ ഹരിതകര്‍മ്മസേനക്ക് നല്കി അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് കൈമാറുന്നു.
പൊതുസ്ഥലങ്ങളിലുള്ള മാലിന്യം ഘട്ടംഘട്ടമായി നീക്കംചെയ്ത് വലിച്ചെറിയല്‍ ശീലം ഒഴിവാക്കുന്നതിന് നിരന്തരമായ ജാഗ്രതയാണ് ആരോഗ്യവിഭാഗം ചെയ്തു വരുന്നത്. പൊതുഇടങ്ങളില്‍ ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് തുമ്പൂര്‍മുഴി മോഡല്‍ കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, പഴയ ബസ് സ്റ്റാന്‍ഡ് കുലച്ചന്ത, മുനിസിപ്പല്‍ ഓഫീസ് പരിസരം, ടൗണ്‍ഹാള്‍ പരിസരം, പോലീസ് സ്റ്റേഷന്, ജെ. ടി. എസ് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും കമ്പോസ്റ് പിറ്റ്, ബിന്നുകള്‍ സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഗ്രീന്‍ ഓഡിറ്റിംഗ്, പൊതുജനങ്ങള്‍ക്കിടയില്‍ സോഷ്യല്‍ ഓഡിറ്റിംഗ് എന്നിവ നടത്തി. മാലിന്യനിര്‍മാര്‍ജ്ജന മേഖലയിലും ജല സംരക്ഷണ മേഖലയിലും മുഖ്യമന്ത്രിയുടെ സംസ്ഥാനതല ഹരിത കേരള അവാര്‍ഡ് ഉള്‍പ്പെടെ 10അവാര്‍ഡുകള്‍ വടകര നഗരസഭക്ക് ഈ കാലയളവില്‍ ലഭിച്ചിട്ടുണ്ട്.
Discussion about this post