ദുബായ്: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ചയാണ് ഫൈസലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഫൈസലിനെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് വിവരം.
തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഫൈസലിനെതിരെ വ്യാജ രേഖകളുടെ നിര്‍മ്മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് എന്‍ഐഎ ചുമത്തിയിരിക്കുന്നത്. ഫൈസലിന്റേത് ഗുരുതര കുറ്റകൃത്യങ്ങളാണെന്നാണ് യുഎഇയുടെ വിലയിരുത്തല്‍. ഇതിനോടകം മൂന്ന് തവണ ഫൈസലിനെ ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം യുഎഇ ഫൈസലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നേരത്തെ കേസില്‍ ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ അതു നിഷേധിച്ചുകൊണ്ട് ഇയാള്‍ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു.
എന്നാല്‍ ഇയാള്‍ തന്നെയാണു പ്രതിയെന്ന് എന്‍ഐഎ സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഫൈസല്‍ ഒളിവില്‍ പോവുകയായിരുന്നു. മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് ഇയാള്‍ കഴിയുന്ന സ്ഥലം ദുബൈ പോലീസ് കണ്ടെത്തിയത്.
Discussion about this post