ന്യൂഡല്‍ഹി: ഐ.ഐ.ടികളിലെ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസില്‍ നിശ്ചിത ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന ഇത്തവണ ഒഴിവാക്കി. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ബോര്‍ഡുകള്‍ പരീക്ഷകള്‍ ഭാഗികമായി റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.
ഐ.ഐ.ടി പ്രവേശനത്തിന് പന്ത്രണ്ടാംക്ലാസില്‍ 75 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. പന്ത്രണ്ടാം ക്ലാസ് പാസാകുന്നവര്‍ പ്രവേശനത്തിന് അര്‍ഹരായിരിക്കും. ജെ.ഇ.ഇ മെയിന്‍ പരീക്ഷയ്ക്ക് ആദ്യത്തെ 2,50,000 സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എഴുതാം. ഇതില്‍ ലഭിക്കുന്ന റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്‍കുക.
ജെ.ഇ.ഇ മെയിന്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ നടത്തുമെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒടുവില്‍ അറിയിച്ചിരിക്കുന്നത്. കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് നേരത്തെ രണ്ടുതവണ മാറ്റിവെച്ചതായിരുന്നു ജെ.ഇ.ഇ.മെയിന്‍. സെപ്റ്റംബര്‍ 27-നാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ്.
Discussion about this post