ഗര്‍ഭകാലം പൊതുവെ ഉത്കണ്ഠകളുടെ കാലമാണ്. കോവിഡ് കാലത്ത് ഈ ഉത്കണ്ഠകള്‍ കൂടും. കോവിഡ് വ്യാപന സമയത്ത് ഗര്‍ഭിണികള്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സാധാരണ ലക്ഷണങ്ങളായ പനി, ചുമ എന്നതില്‍ കവിഞ്ഞ് ഗര്‍ഭിണികളില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കോവിഡ് കാരണമാകുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. കോവിഡ് ശ്വാസകോശത്തെ ബാധിക്കുമെന്നതിനാല്‍ ഏഴ് മാസം കഴിഞ്ഞ ഗര്‍ഭിണികളില്‍ കൂടുതല്‍ വിഷമതകള്‍ ഉണ്ടാക്കും.അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് രോഗം പകരുന്നതായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അബോര്‍ഷന്‍, ജന്മനാലുള്ള വൈകല്യം എന്നിവയും കോവിഡ് മൂലം ഉണ്ടാകുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല.
അപൂര്‍വമായി നവജാതശിശുക്കള്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുലപ്പാലിലൂടെ കോവിഡ് രോഗം പകരുന്നതായി സ്ഥിരീകരിച്ചിട്ടില്ല. സ്പര്‍ശനത്തിലൂടെയും അമ്മയുടെ വായില്‍ നിന്നും പുറത്തുവരുന്ന സ്രവ കണികകളിലൂടെയും കുഞ്ഞിലേക്ക് രോഗം പകരാം. നവജാത ശിശുക്കള്‍ക്ക് രോഗം ബാധിച്ചാല്‍ വളരെ നേരിയ ലക്ഷണങ്ങള്‍ മാത്രമാകും കാണിക്കുക.
മുലയൂട്ടുന്നതിന് മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. കുഞ്ഞിന്റെ മുഖത്തേക്ക് ശ്വാസം വിടുകയോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്. മുലയൂട്ടുന്ന സമയത്ത് മാസ്‌ക് ധരിക്കണം. ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് പിഴിഞ്ഞെടുത്ത് രോഗബാധ ഇല്ലാത്ത മറ്റൊരാള്‍ വഴി കുഞ്ഞിന് നല്‍കുക. വ്യക്തിശുചിത്വം എപ്പോഴും പാലിക്കുക.
കോവിഡ് വരാതിരിക്കാന്‍ ഗര്‍ഭിണികള്‍ ചെയ്യേണ്ട കാര്യങ്ങള്‍:
കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. മറ്റ് വ്യക്തികളുമായി കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണം. പനി, ചുമ എന്നിവ ഉള്ളവരുമായി അടുത്ത് ഇടപഴകരുത്. ഒത്തുചേരലുകള്‍, ഹോട്ടലുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ ഒഴിവാക്കുക. പൊതുഗതാഗതം ഉപയോഗിക്കാതിരിക്കുക. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുക.
ഗര്‍ഭിണികള്‍ കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തി എന്ന് സംശയം തോന്നിയാല്‍ എന്തുചെയ്യണം?
കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നുവെങ്കില്‍ ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടുക.അടുത്തുള്ള ആശാ വര്‍ക്കര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരില്‍ ആരെയെങ്കിലും ബന്ധപ്പെടുക. അതുമല്ലെങ്കില്‍ ദിശ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1056ലോ ബന്ധപ്പെടുക. ഇവിടെ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക. ഒരിക്കലും മുന്‍കൂട്ടി അറിയിക്കാതെ ആശുപത്രികളിലെ ഒപികളില്‍ പോകരുത്. വായും മൂക്കും പൂര്‍ണമായി മറയത്തക്ക വിധത്തില്‍ മാസ്‌ക് ധരിക്കണം. ബ്ലീച്ചിംഗ് ലായനിയില്‍ 20 മിനിറ്റ് മുക്കി വെച്ചതിന് ശേഷം കഴുകി ഉണക്കിയ മാസ്‌ക്കുകള്‍ വീണ്ടും ഉപയോഗിക്കാം. സ്വന്തം വാഹനത്തിലോ ആശുപത്രിയില്‍ നിന്നുള്ള വാഹനത്തിലോ ആണ് യാത്ര ചെയ്യേണ്ടത്. ആരോഗ്യപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും ഒരു മീറ്ററെങ്കിലും ശാരീരിക അകലം പാലിക്കണം. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സ്രവ പരിശോധന, ഹോം ക്വാറന്റൈന്‍, ആശുപത്രി പ്രവേശനം തുടങ്ങിയവയ്ക്ക് വിധേയയാകണം.
ഹോം ക്വാറന്റൈന്‍ കാലത്ത് ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കാലാവധി കുടുംബാംഗങ്ങളുമായി ഇടപഴകാതെ ഒരു മുറിയില്‍ തന്നെ കഴിയണം.റൂമില്‍ നിന്ന് പുറത്തിറങ്ങരുത്. വായു സഞ്ചാരമുള്ളതോ ശുചിമുറികള്‍ ഉള്ളതുമായ മുറികളാണ് നല്ലത്. ആഹാരം കഴിക്കുന്ന പാത്രങ്ങള്‍, വസ്ത്രങ്ങള്‍, ടവല്‍ തുടങ്ങിയവ മറ്റാരും ഉപയോഗിക്കരുത്. മാസ്‌ക് എല്ലായ്‌പ്പോഴും ഉപയോഗിക്കുകയും ആറ് മണിക്കൂര്‍ കഴിയുമ്പോള്‍ മാറ്റുകയും വേണം. സന്ദര്‍ശകരെ അനുവദിക്കരുത്. വീട്ടിലുള്ള ഒരാള്‍ മാത്രമായിരിക്കണം ഗര്‍ഭിണികള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടത്. ഈ വ്യക്തിയും ശാരീരിക അകലം പാലിക്കണം.ഈ വ്യക്തി കൈയുറയും മാസ്‌ക്കും ധരിക്കേണ്ടതും കൈകള്‍ ഇടയ്ക്കിടെ കഴുകേണ്ടതുമാണ്. ഗര്‍ഭിണികള്‍ സാധാരണ ചെയ്തിരുന്ന വ്യായാമങ്ങള്‍ ക്വാറന്റൈന്‍ സമയത്ത് വീട്ടിലിരുന്ന് തന്നെ ചെയ്യണം.ഗര്‍ഭിണിക്ക് രോഗ ലക്ഷണങ്ങള്‍ വന്നാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
ഗര്‍ഭിണികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ എന്തുചെയ്യും?
കോവിഡ് സ്ഥിരീകരിച്ചാല്‍ അതത് ജില്ലയിലെ കോവിഡ് ആശുപത്രിയില്‍ ആയിരിക്കും തുടര്‍ന്നുള്ള ചികിത്സകള്‍. രോഗം ഭേദമാകുന്നതിന് മുമ്പ് പ്രസവം വേണ്ടി വന്നാല്‍ അതിനുള്ള സജ്ജീകരണങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ ഒരുക്കും. സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും പ്രത്യേകം സജ്ജീകരിച്ച പ്രസവമുറികളില്‍ പ്രത്യേക പരിചരണം ലഭ്യമാക്കും.സാധാരണഗതിയില്‍ കോവിഡ് രോഗബാധിതരില്‍ സുഖപ്രസവത്തിന് തടസമില്ല.
Discussion about this post