തിരുവനന്തപുരം: 8 വര്‍ഷമായി പോലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. മുരുക്കുംപുഴ മുല്ലശ്ശേരി അനില്‍ ഹൗസില്‍ മുരുക്കുംപുഴ അനില്‍ എന്ന് വിളിക്കുന്ന അനില്‍ അലോഷ്യസാണ്(വയസ്സ് 42) പോലീസിന്റെ പിടിയില്‍ ആയത്.
2012 ല്‍ ആറ്റിങ്ങല്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത വന്‍ വാഹന തട്ടിപ്പ് കേസ്സിലെ ഒന്നാം പ്രതിയാണ് അനില്‍ അലോഷ്യസ്. സംസ്ഥാനത്തിനകത്തും പുറത്തുമായി മാറി മാറി വ്യാജ മേല്‍വിലാസത്തില്‍ വാടകയ്ക്കാണ് ഇയാള്‍ താമസിച്ച് വന്നത്. ഇത്തരത്തില്‍ ബാങ്ക് മാനേജര്‍ എന്ന വ്യാജേന പള്ളിപ്പുറം കണിയാപുരം ശ്രീ നിലയം വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇവിടെ നിന്നാണ് ഇയാള്‍ അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്.
വാഹനം വാങ്ങുന്ന ആളിന്റെ ഫോട്ടോയും വ്യാജ തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ച് വാഹന ഫിനാന്‍സ് കമ്പനിയില്‍ നിന്നും ലോണ്‍ തരപ്പെടുത്തുകയാണ് ഇയാള്‍ ചെയ്തിരുന്നത്. തുടര്‍ന്ന് വാഹനം വാങ്ങി തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ താത്കാലിക റജിസ്‌ട്രേഷന്‍ നടത്തി രേഖകള്‍ കൈവശം വാങ്ങും. സെയില്‍ ലെറ്ററും,പര്‍ച്ചേസ് എഗ്രിമെന്റും വ്യാജമായി തയ്യാറാക്കുകയും ചെയ്യും. ലോണിന്റെ വിവരങ്ങള്‍ (ഹൈപ്പോതിക്കേഷന്‍) മറച്ച് വെച്ച് ആറ്റിങ്ങല്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും വാഹനത്തിന്റെ രേഖകള്‍ സമ്പാദിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഇത്തരത്തില്‍ സ്വന്തമാക്കിയ ഒമ്പത് വാഹനങ്ങള്‍ മറിച്ച് വില്‍പ്പന നടത്തിയും പണയം വെച്ചും ഫിനാന്‍സ് കമ്പനിയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് ഇയാള്‍ക്കെതിരെ ആറ്റിങ്ങല്‍ പോലീസ് കേസെടുത്തത്.
ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരനേയും, വാഹനം എടുക്കുന്ന ആളിന്റെ അഡ്രസ്സ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്ന ആളിനേയും മറ്റ് ഉദ്യോഗസ്ഥരേയും സ്വാധീനിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളെ സഹായിച്ച നാല് പേര്‍ നേരത്തേ അറസ്റ്റില്‍ ആയിരുന്നു. നെയ്യാറ്റിന്‍കര വാഴിച്ചല്‍ സ്വദേശി ആയ സനോജ് , തിരുമല മുടവന്‍മുകള്‍ സ്വദേശി പ്രകാശ് ,മറ്റ് നിരവധി കേസ്സുകളിലെ പ്രതിയായ കല്ലമ്പലം പുല്ലൂര്‍ മുക്ക് സ്വദേശി റീജു ,കല്ലമ്പലം കുടവൂര്‍ നാദിര്‍ഷാ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
റിമാന്റ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി , എസ്സ്.വൈ.സുരേഷിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘമാണ് അനിലിനെ അറസ്റ്റ് ചെയ്തത്.
Discussion about this post