കൊച്ചി: എറണാകുളം ജില്ലയിലെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍, റേഷന്‍ കാര്‍ഡുമായി ജൂലൈ 31 നകം ബന്ധിപ്പിക്കേണ്ടതാണ്. പ്രതിമാസ റേഷന്‍ വിഹിതം, സൗജന്യ റേഷന്‍ (പി.എം.ജി.കെ.വൈ) എന്നിവ പൂര്‍ണ്ണമായും ആധാര്‍ അടിസ്ഥാനമാക്കിയായതിനാലാണ് കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍, റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടത്.
റേഷന്‍ ഉപഭോക്താക്കള്‍ക്ക് റേഷന്‍ കടകള്‍, അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യം ഉണ്ട്. താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം തപാല്‍ മാര്‍ഗ്ഗം അപേക്ഷിച്ചാല്‍ മതി. ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ വിഹിതം ലഭിക്കുന്നതിന് തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ട്.
ബി.പി.എല്‍ , എ.എ.വൈ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള പരിശോധന സിവില്‍ സപ്ലൈസ് വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖല – സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍, സര്‍വീസ് പെന്‍ഷനര്‍മാര്‍, സ്വന്തമായി നാലുചക്ര വാഹനമുള്ളവര്‍, ഒരേക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍, 25000 രൂപയിലധികം മാസവരുമാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാകാര്‍ഡിന് അര്‍ഹതയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തി അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള വകുപ്പുതല നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അനര്‍ഹര്‍ക്ക് മുന്‍ഗണനാകാര്‍ഡ് സ്വയം ഒഴിവാക്കുന്നതിനുള്ള അപേക്ഷ, താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ജൂലൈ 31 നകം നേരിട്ടോ, തപാല്‍ മുഖേനയോ നല്‍കാവുന്നതാണ്.
ബി.പി.എല്‍, എ.എ.വൈ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ച് റേഷന്‍ വിഹിതം കൈപ്പറ്റുന്നത്, 2013 എന്‍.എഫ്.എസ്.എ ആക്ട് പ്രകാരം കനത്ത പിഴയും, ഒരു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. സ്വയം ഒഴിവാകുന്നവര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതാണ്. അനര്‍ഹരെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഉള്ള പരാതികള്‍ സപ്‌ളൈ ഓഫീസുകളില്‍ ഫോണ്‍/ തപാല്‍ വഴി അറിയിക്കാവുന്നതാണ്.
Discussion about this post