കൊല്ലം : കുട്ടികളിലെ പോഷക കുറവ് പരിഹരിക്കുന്നതിന് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ മുഖേന 5500 ന്യൂട്രിബാറുകള്‍ വിതരണം ചെയ്യാൻ തീരുമാനമായി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ നടത്തി.
സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേർന്നാണ് തേനമൃത് ന്യൂട്രിബാറുകൾ തയ്യാറാക്കുന്നത്. ജില്ലയില്‍ 21 ഐ സി ഡി എസ് പ്രോജക്ടുകളിലായി പോഷകക്കുറവുള്ള 268 കുട്ടികളുണ്ട്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കുട്ടികളിലെ അടിസ്ഥാന പോഷകാഹാര കുറവുകള്‍ പരിഹരിച്ച് പകര്‍ച്ചവ്യാധികളെ നേരിടാൻ ന്യുട്രിബാറുകൾ സഹായിക്കും.
പോഷകസമ്പന്നമായ നിലക്കടല, എള്ള്, റാഗി, സോയാബീന്‍, അരി, ഗോതമ്പ്, ശര്‍ക്കര, പരിപ്പ്, ചോളം, പഞ്ചസാരലായനി തുടങ്ങി പന്ത്രണ്ടോളം ചേരുവകള്‍ ചേർത്താണ് തേനമൃത് തയ്യാറാക്കിയിരിക്കുന്നത്.
ഇത് ഉപയോഗിക്കുന്നത് വഴി പോഷകന്യൂനതയുള്ള കുട്ടിക്ക് ദിവസേന 439.65 കിലോ കലോറി ഊര്‍ജ്ജം, 15.05 ഗ്രാം പ്രോട്ടീന്‍, 13.21 ഗ്രാം കൊഴുപ്പ്, 5.23 മില്ലിഗ്രാം ഇരുമ്പ്, 238.71 ഗ്രാം കാല്‍സ്യം തുടങ്ങിയവ ലഭിക്കും.
സംസ്ഥാനത്ത് പോഷകാഹാരക്കുറവ് കാരണം ഭാരക്കുറവുള്ള 5537 കുട്ടികളുണ്ടെന്ന റിപ്പോർട്ടിനെ തുടര്‍ന്നാണ് വനിതാ ശിശു വികസന വകുപ്പ് ഇത്തരത്തിലൊരു പരിഹാരമാര്‍ഗവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
Discussion about this post