കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ് എന്‍ഐഎ കോടതി കസ്റ്റഡിയില്‍വിട്ടത്. സ്വര്‍ണക്കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമാണെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. ഫൈസല്‍ ഫരീദാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും എന്‍ഐഎ സംഘം കോടതിയെ അറിയിച്ചു.
പ്രതികള്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ വ്യാജരേഖ ഉണ്ടാക്കി. കോണ്‍സുലേറ്റോ അറ്റാഷെയോ അറിഞ്ഞിരുന്നില്ലെന്നും എന്‍.ഐ.എ പറയുന്നു. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് എന്‍.ഐ.എയുടെ കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു. മാത്രമല്ല, കേരളത്തിലെത്തിക്കുന്ന സ്വര്‍ണം ആഭരണനിര്‍മാണത്തിനല്ല, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കും. ഫൈസലിന്റെ പേരും വിലാസവും തിരുത്താനും എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. നേരത്തെ ഫാസില്‍ ഫരീദ്, എറണാകുളം സ്വദേശി എന്നതായിരുന്നു വിലാസമായി നല്‍കിയിരുന്നത്. എന്നാല്‍ ഇത് ഫൈസല്‍ ഫരീദ്, കൊടുങ്ങല്ലൂര്‍ സ്വദേശി എന്നാക്കണമെന്നാണ് എന്‍ഐഎ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post