ന്യൂഡല്‍ഹി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമെന്ന് സുപ്രീംകോടതി. ക്ഷേത്ര ഭരണം താത്കാലിക ഭരണ സമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. 2011ലെ ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി അംഗീകരിച്ചു.
ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ക്ഷേത്ര ഉടമസ്ഥത ആര്‍ക്ക്? ക്ഷേത്ര ഭരണം എങ്ങനെ വേണം? രാജകുടുംബത്തിന് അവകാശമുണ്ടോ? സ്വത്തിന്റെ അവകാശം ആര്‍ക്ക്? ബി നിലവറ തുറക്കണോ? തുടങ്ങി വിവിധ നിയമപ്രശ്‌നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമാണ് സുപ്രീംകോടതി തീര്‍പ്പ് കല്‍പിക്കുന്നത്.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതു ക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പിക്കണം. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടര്‍ന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം.
ക്ഷേത്ര ഭരണം രാജാവിനാണെന്നും രാജാവിന്റെ അനന്തരാവകാശിക്ക് കേസിന്റെ നടത്തിപ്പ് കൈമാറാനാവില്ലെന്നുമായിരുന്നു 2011ലെ ഹൈക്കോടതി വിധി. ക്ഷേത്രത്തിലേയും നിലവറകളിലേയും അമൂല്യവസ്തുക്കളുടെ കണക്കെടുക്കണമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രനും ജസ്റ്റിസ് കെ.സുരേന്ദ്രമോഹനും അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്ര സ്വത്ത് പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണെന്നും അതു നോക്കി നടത്താനുള്ള അവകാശം തങ്ങള്‍ക്കാണെന്നുമായിരുന്നു രാജകുടുംബത്തിന്റെ വാദം. ക്ഷേത്ര സ്വത്തില്‍ തങ്ങള്‍ അവകാശം ഉന്നയിക്കുന്നില്ലെന്നും പദ്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രം തന്നെയാണെന്നും രാജകുടുംബം പദ്മനാഭസ്വാമി ദാസന്‍മാരാണെന്നും കോടതിയില്‍ അവര്‍ വാദിച്ചിരുന്നു.
Discussion about this post