കൊച്ചി: കോവിഡ് സമൂഹ വ്യാപന ആശങ്കയ്ക്കിടയില്‍ അടിയന്തര സാഹചര്യം നേരിടാന്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം (ഐ സി യു) സജ്ജമായി. യന്ത്ര സഹായത്തോടെ പ്രവര്‍ത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബെഡുകള്‍ക്കും വെന്റിലേറ്റര്‍ പിന്തുണയുണ്ട്. തീവ്ര രോഗാവസ്ഥയിലുള്ള 40 രോഗികളെ വരെ ഒരേ സമയം വെന്റിലേറ്ററില്‍ ചികിത്സിക്കാന്‍ കഴിയും. ഇതോടെ മെഡിക്കല്‍ കോളേജിലെ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 75 ആയി.
ഇമേജ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പാക്‌സ് സംവിധാനം, രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍, രണ്ട് ബ്ലഡ് ഗ്യാസ് അനലൈസര്‍, 3 വീഡിയോ ലാറിങ്ങ് ഗോസ്‌കോപ്പ്, അള്‍ട്രാ സൗണ്ട് , ഡിജിറ്റല്‍ എക്‌സ്‌റേ എന്നിവയും ഐസിയുവില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ഇ ഹെല്‍ത്ത് സോഫ്റ്റ് വെയറിലാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം. കോവിഡ് പശ്ചാത്തലത്തില്‍ സെന്‍ട്രലൈസ്ഡ് എസി വിഛേദിച്ച് ടവര്‍ എസിയിലും ഐ സി യു പ്രവര്‍ത്തിപ്പിക്കാന്‍ സംവിധാനമുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സിസിടിവി ക്യാമറ ശ്യംഖലയും ഒരുക്കിയിരിക്കുന്നു.
അണുബാധ തടയുന്നതിനായി വാതിലുകള്‍ ഹൈ ഗ്രേഡ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. തറയിലും ചുവരുകളിലും വിട്രിഫൈഡ് ടൈലുകള്‍ പതിച്ചതും കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായാണ്. പിഡബ്ല്യുഡി നവീകരിച്ച് പണിത കെട്ടിടത്തിലാണ് ഐ സി യു ബ്ലോക്ക് . അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ഹൈബി ഈഡന്‍ എംപിയുടെ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ബിപിസിഎല്ലിന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ലഭിച്ചു.
Discussion about this post