ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറു കണികകളിലൂടെ സാര്‍സ് കോവ് 2 വൈറസ് വ്യാപിക്കുമെന്ന് യുഎന്‍ ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കിടയിലും തിരക്കേറിയ വായുസഞ്ചാരം കുറവുള്ള അടച്ചിട്ട ഇടങ്ങളിലും വായുവില്‍ തങ്ങി നില്‍ക്കുന്ന ചെറുകണികകളിലൂടെ വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നാണ് ഡബ്ലിയുഎച്ച്ഒ പ്രസ്താവനയില്‍ പറയുന്നത്.
32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞര്‍ അടങ്ങിയ സംഘമാണ് കൊറോണ വൈറസ് വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടനയെ അറിയിച്ചത്. മൂന്നുദിവസങ്ങള്‍ക്ക് ശേഷമാണ് ഡബ്ലിയുഎച്ച്ഒ ഇക്കാര്യം സ്ഥിരീകരിച്ച് പ്രസ്താവനയിറക്കിയത്.
അതേസമയം വൈറസ് പൂര്‍ണമായും വായുവിലൂടെയാണ് പകരുന്നതെന്ന് ലോകാരോഗ്യസംഘടന കരുതുന്നില്ല. തുള്ളികളിലൂടെയും, വാതില്‍പ്പിടി, സ്വിച്ചുകള്‍, പേന തുടങ്ങിയ അണുബാധയുണ്ടായ പ്രതലങ്ങളിലൂടെയും മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പകരാമെന്ന് ലോകാരോഗ്യസംഘടന പറയുന്നു.
ഇതോടെ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുകയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. കൈകഴുകുകയും സാമൂഹിക അകലം പാലിക്കുന്നതും നിര്‍ബന്ധമാക്കണം. ഒപ്പം തിരക്കേറിയ പൊതുസ്ഥലങ്ങള്‍, അടച്ചിട്ട വായുസഞ്ചാരം കുറവുളള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
Discussion about this post