കുമളി: കോവിഡ് കാലത്ത് വിവിധ ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തില്‍ വ്യാപൃതരാണ്. കുമളി ഗ്രാമപഞ്ചായത്തിലെ മന്നാക്കുടി കമ്മ്യൂണിറ്റി ഹാളില്‍ ക്രമീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ പഠനകേന്ദ്രത്തില്‍ 97 കുട്ടികളാണ് പുതിയ രീതിയില്‍ പഠനം നടത്തുന്നത്. ഇവരെല്ലാം ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. പകല്‍ സമയങ്ങളില്‍ കൂലിവേലക്ക് പോകുന്ന രക്ഷിതാക്കള്‍ക്ക് കോവിഡ് കാലത്ത് കുട്ടികളുടെ സുരക്ഷയും പഠനവും ഒരു പോലെ സാധ്യമാക്കാനും ഓണ്‍ലൈന്‍ പഠന കേന്ദ്രം സഹായകരമാകുന്നു.
കമ്പ്യൂട്ടറിന്റെയും ടെലിവിഷന്റെയും സഹായത്തോടെയാണ് കുട്ടികള്‍ക്ക് പഠനം സാധ്യമാക്കിയിട്ടുള്ളത്. പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ടെലിവിഷനിലൂടെയും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറിലൂടെയുമാണ് ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമാകാന്‍ അവസരമൊരുക്കുന്നത്. രാവിലെ 8 മുതല്‍ മന്നാക്കുടിയിലെ ഓണ്‍ലൈന്‍ പഠന കേന്ദ്രം സജീവമാണ്.ഒരു വിഭാഗത്തിന്റെ പഠനം കഴിഞ്ഞാല്‍ അടുത്ത വിഭാഗത്തിന്റെ ഊഴമാണ്. സാമൂഹിക അകലം പാലിച്ച് മാസ്‌ക്ക് ധരിച്ച് ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ എന്ന രീതിയിലാണ് ഇരിപ്പിടം സജ്ജമാക്കിയിട്ടുള്ളത്. ക്ലാസിന് മുമ്പെ എത്തുന്ന കുട്ടികള്‍ക്ക് ഇരിക്കുവാനും പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പ് പ്രദേശത്ത് പ്രവര്‍ത്തനമാരംഭിച്ച സാമൂഹിക പഠനമുറിയിലെ അധ്യാപികയായിരുന്ന ആര്യ രാജ് കുട്ടികള്‍ക്ക് സംശയനിവാരണത്തിനായി പഠനകേന്ദ്രത്തിലുണ്ടാകും. ക്ലാസുകളില്‍ പങ്കാളികളാവുകയെന്നതിനപ്പുറം കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് പഠനഭാഗം ഒരിക്കല്‍ കൂടി അധ്യാപിക വിശദീകരിച്ച് കൊടുക്കുന്നു.
മന്നാക്കുടി ആദിവാസി മേഖലയില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കാന്‍ പഞ്ചായത്തിന്റെയും ട്രൈബല്‍, വനം വകുപ്പുകളുടെയും സഹകരണവുമുണ്ട്.കുമളി ഗ്രാമപഞ്ചായത്തില്‍ മന്നാക്കുടിക്ക് പുറമെ മറ്റ് രണ്ടിടങ്ങളില്‍കൂടി സമാനരീതിയില്‍ ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
Discussion about this post