കൊല്ലം: മലയോര ഗ്രാമത്തിന്റെ തനത് വിഭവങ്ങളും രുചി ഭേദങ്ങളും ഇനി കൊല്ലത്ത് എത്തും. കുടുംബശ്രീയുടെ സേവിക മൊബൈൽ മാർക്കറ്റിംഗ് യൂണിറ്റിലൂടെ ആണ് സേവനം ലഭ്യമാകുക.
പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ്‌കുമാറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമുള്ള പണം ഉപയോഗിച്ചാണ് മാർക്കറ്റിംഗ് സേവനം ലഭ്യമാക്കാനുള്ള പ്രത്യേക വാഹനം വാങ്ങിയിരിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് എംഎൽഎ യുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീയ്ക്കായി വാഹനം വാങ്ങുന്നത്.
കുടുംബശ്രീയുടെ കാർഷിക കൂട്ടായ്മകൾ ഉൽപ്പാദിപ്പിക്കുന്ന കാർഷിക – കാർഷികേതര വിഭവങ്ങൾ, കുടുംബ ശ്രീ യൂണിറ്റുകൾ വഴി ഉണ്ടാക്കുന്ന മറ്റ് ഉൽപന്നങ്ങൾ എന്നിവ ശേഖരിച്ച് ദിവസവും നഗരത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.
പത്തനാപുരം ബ്ലോക്കിലെ 6 പഞ്ചായത്തുകൾ കൂടാതെ വെട്ടിക്കവല, മേലില പഞ്ചായത്തുകളും ഇതിൽ കൈ കോർക്കുന്നുണ്ട്.
മായം കലരാത്ത വിഭവങ്ങൾ ,ആവശ്യ സാധനങ്ങൾ എന്നിവ മൊബൈൽ യൂണിറ്റിൽ നിന്നും ലഭ്യമാണ്. പത്തനാപുരത്ത് നിന്ന് യാത്ര തിരിക്കുന്ന വാഹനം പുനലൂർ, കൊട്ടാരക്കര, എഴുകോൺ, കുണ്ടറ വഴി കൊല്ലം കളക്ട്രേറ്റിൽ എത്തും.
കുടുംബശ്രീ സംരംഭകരുടെ കൂട്ടായ്മയായ 15 പേരടങ്ങുന്ന മൈക്രോ എൻറർപ്രൈസസ് കൺസൽട്ടൻസ് ടീം ആയ സേവികയ്ക്കാണ് ഇതിന്റെ ചുമതല.
ഗുണമേന്മയുള്ള ഉൽപന്നങ്ങൾ പൊതു ജനങ്ങളിൽ എത്തിക്കുന്നതിന് ഒപ്പം വിപണനം നടത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന സംരംഭകരെ സഹായിക്കാൻ ഉള്ള മാർഗ്ഗം കൂടിയാണിത്.
Discussion about this post