കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു. പ്രവര്‍ത്തനസജ്ജമായി രണ്ടാഴ്ച കൊണ്ടാണ് ഇ സഞ്ജീവനിയില്‍ കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഇതുവരെ 2831 കണ്‍സള്‍ട്ടേഷനുകളാണ് നടത്തിയത്. സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ ലൈന്‍ ജനറല്‍ ഒ.പി. സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒ.പി.യും ഇപ്പോള്‍ ലഭ്യമാണ്.
എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 വരെയാണ് ജനറല്‍ ഒ.പി.യുടെ പ്രവര്‍ത്തനം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണിമുതല്‍ 4 മണിവരെയാണ് ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള എന്‍.സി.ഡി. ഒപി. സാധാരണ രോഗങ്ങള്‍ക്ക് പുറമേ ജീവിതശൈലീ രോഗങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുവര്‍ക്കും പകര്‍ച്ചവ്യാധി കാലത്ത് ആശ്രയിക്കാവുന്ന ഏറ്റവും സുരക്ഷിതമായ ഓൺലൈൻ ചികിത്സാ പ്ലാറ്റ്ഫോമാണിത്. കോവിഡ് കാലത്ത് ആശുപത്രികളില്‍ പോയി തിരക്ക് കൂട്ടാതെ വീട്ടില്‍ വച്ച് തന്നെ വളരെ ലളിതമായ ഈ സേവനം ഉപയോഗപ്പെടുത്താം.
വീട്ടിലിരുന്ന് ഡോക്ടറെ കാണുന്നത് എങ്ങനെയാണ്?
ഈ സേവനം ലഭ്യമാക്കാന്‍ ആവശ്യം സ്മാര്‍ട്‌ഫോണോ കംപ്യൂട്ടറോ ആണ്. ഇതുവഴി https://esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റ് തുറക്കുക. സൈറ്റിന്റെ മുകള്‍ഭാഗത്തുള്ള പേഷ്യന്റ് രജിസ്‌ട്രേഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. പേഷ്യന്റ് രജിസ്‌ട്രേഷന്‍ കോളത്തിനകത്ത് മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത ശേഷം സെന്റ് ഒടിപി ക്ലിക്ക് ചെയ്ത് മൊബൈലില്‍ വരുന്ന ഒടിപി ടൈപ്പ് ചെയ്യുക. തുടര്‍ന്ന് പേഷ്യന്റ് രജിസ്‌ട്രേഷന്‍ കോളത്തില്‍ പേരും വയസും മറ്റ് വിവരങ്ങളും നല്‍കുക. ശേഷം ജനറേറ്റ് പേഷ്യന്റ് ഐഡി, ടോക്കണ്‍ നമ്പര്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ലോഗിന്‍ ചെയ്യാറാകുമ്പോള്‍ മൊബൈലില്‍ മെസേജ് ലഭിക്കും. മൊബൈലില്‍ ലഭിക്കുന്ന പേഷ്യന്റ് ഐഡി, ടോക്കണ്‍ നമ്പര്‍ എന്നിവ ടൈപ്പ് ചെയ്യുമ്പോള്‍ ക്യൂവിലാകും. ഉടന്‍ തന്നെ ഡോക്ടര്‍ വീഡിയോ കോള്‍ വഴി വിളിക്കും. കണ്‍സള്‍ട്ടേഷന്‍ കഴിഞ്ഞാല്‍ മരുന്നിന്റെ കുറിപ്പടി അവിടുന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
Discussion about this post