തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മടങ്ങി എത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സമഗ്ര പദ്ധതി ‘ഡ്രീം കേരള’ തയ്യാറാകുന്നു. പ്രവാസികളുടെ അറിവും കഴിവും നാടിന്റെ വികസനത്തിന് ഉപയോഗിക്കാനാകുന്ന തരത്തിലാണ് പദ്ധതി. ഡ്രീം കേരള പദ്ധതിയില്‍ എന്തൊക്കെ ഉള്‍പ്പെടാമെന്നതിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായവും സര്‍ക്കാര്‍ തേടുകയാണ്. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.
ഡ്രീം കേരള പദ്ധതിയിലേക്ക് ആശയങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയമാണുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്ന വിഷയത്തില്‍ ഹാക്കത്തോണ്‍ നടത്തും. ജൂലൈ 15 മുതല്‍ 30 വരെ ഐഡിയത്തോണും ഓഗസ്റ്റ് 1 മുതല്‍ 10 വരെ സെക്ടറല്‍ ഹാക്കത്തോണും ഓഗസ്റ്റ് 14ന് പദ്ധതി അവതരണവുമാണ് നടക്കുക.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പദ്ധതിയും നടപ്പാക്കുന്നത് സംബന്ധിച്ച വിദഗ്ധോപദേശം നല്‍കാന്‍ യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സമിതിക്ക് രൂപം നല്‍കും. നിര്‍ദ്ദേശങ്ങള്‍ വിദഗ്ധ സമിതി വിലയിരുത്തി അതത് വകുപ്പുകള്‍ക്ക് ശുപാര്‍ശ ചെയ്യും. മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ ശശീന്ദ്രന്‍, സംസ്ഥാന ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
Discussion about this post