തിരുവനന്തപുരം: നൂറനാട് പുത്തന്‍വിള ക്ഷേത്രത്തിലെ ഉല്‍സവത്തിന് ചെണ്ടമേളത്തോടൊപ്പം നൃത്ത ചെയ്ത് സോഷ്യല്‍മീഡിയയില്‍ താരമായി മാറിയ ദേവു ചന്ദന എന്ന കൊച്ചുമിടുക്കിയെ ആരും മറന്നുകാണില്ല. ദേവു എന്ന ആ ഒമ്പതുവയസുകാരിയുടെയും കുടുംബത്തിന്റെയും ജീവിത താളം തെറ്റിയത് പെട്ടെന്നായിരുന്നു. ഒരാഴ്ച മുമ്പ് ദേവു വീട്ടില്‍ കുഴഞ്ഞുവീണതോടെ. അടൂരിലെ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. രോഗം മൂര്‍ച്ഛിച്ചതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറില്‍ നീരു കെട്ടുന്ന ബ്രയിന്‍ എഡിമ എന്ന അസുഖമാണു ദേവുവിന്. വൈറസ് ജന്യ രോഗമാണിത്. ഇപ്പോഴിതാ മകളെ ബാധിച്ച അപൂര്‍വരോഗത്തില്‍ മനംനൊന്ത് ദേവുവിന്റെ അച്ഛന്‍ ചന്ദ്രബാബു ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.
നൂറനാട് എരുമക്കുഴി കിഴക്കേക്കര വീട്ടില്‍ ബി.ചന്ദ്രബാബുവിനെ (38) ബുധനാഴ്ച രാവിലെയാണ് എസ്എടി നഴ്‌സിങ് ഹോസ്റ്റലിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മകള്‍ക്കു രോഗം വന്നതിന്റെ മനോവിഷമത്തിലായിരുന്നു ചന്ദ്രബാബു. പെയിന്റിംഗ് തൊഴിലാളിയാണ് ചന്ദ്രബാബു.
ദേവുവിന്റെ അവസ്ഥ ഗുരുതരമാണെന്നും വെന്റിലേറ്ററിലാണെന്നും എസ്എടി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുറഞ്ഞ ദിവസംകൊണ്ട് വലിയ തുകയായി ദേവുവിന്റെ ചികിത്സയ്ക്ക്. ദേവുവിന്റെ അസുഖമറിഞ്ഞ് പലരും സഹായിക്കാന്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ മകളുടെ അസുഖമറിഞ്ഞത് മുതല്‍ ചന്ദ്രബാബു കടുത്ത മനോവിഷമത്തിലായിരുന്നു.
ചികിത്സ സൗജന്യമായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച അവധിയായതിനാല്‍ ദേവുവിന്റെ അച്ഛന്‍ പണം കൊടുത്താണ് മരുന്നു വാങ്ങിയത്. പണം തിരികെ ലഭിക്കുന്നതിന് ആശുപത്രി അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നതായും അവര്‍ വ്യക്തമാക്കി.
Discussion about this post