ഹൈദരാബാദ്: ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പറഞ്ഞ് മരിക്കുന്നതിന് മുമ്പ് പിതാവിന് സെല്‍ഫി വീഡിയോ അയച്ച് കോവിഡ് രോഗി. 34കാരനാണ് മരിക്കുന്നതിന് മുമ്പ് ഹൈദരാബാദ് ഗവണ്‍മെന്റ് ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാട്ടി പിതാവിന് സെല്‍ഫി വീഡിയോ അയച്ചത്. വീഡിയോ എടുത്ത് നിമിഷങ്ങള്‍ക്കകം യുവാവ് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
തനിക്ക് വെന്റിലേറ്റര്‍ സൗകര്യം നല്‍കുന്നില്ലെന്നും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുവാവ് വീഡിയോ അയച്ചത്. വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വലിയരീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
മൂന്ന് മണിക്കൂറായി ശ്വാസമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ആശുപത്രി അധികൃതരോട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും യുവാവ് വീഡിയോയിലൂടെ പിതാവിനോട് പറഞ്ഞു.ജൂണ്‍ 23ന് കടുത്ത പനിയെ തുടര്‍ന്ന് യുവാവിനെയും കൊണ്ട് നിരവധി ആശുപത്രികള്‍ കയറിയിറങ്ങിയെന്നും എല്ലാ ആശുപത്രിയിലും ചികിത്സ നിഷേധിച്ചെന്നും പിതാവ് പറയുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26ന് മൂന്ന് വീഡിയോകളാണ് യുവാവ് പിതാവിന് അയച്ചത്. പിന്നീട് യുവാവ് മരിച്ചെന്ന് ആശുപത്രിയില്‍ നിന്ന് വിവരം ലഭിക്കുകയായിരുന്നു. യുവാവിന് കോവിഡാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
രോഗിക്ക് ശ്വസനസംബന്ധമായ അസുഖങ്ങളും ഹൃദയത്തിന് പ്രശ്‌നവുമുണ്ടായിരുന്നെന്നും ഇതാണ് മരണത്തിന് കാരണമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Discussion about this post