എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായി ഒറ്റക്കൈ കൊണ്ട് മാസ്‌ക്കുകള്‍ തുന്നി പത്ത് വയസുകാരി. ഭിന്നശേഷിക്കാരിയായ കര്‍ണാടക ഉടുപ്പി സ്വദേശി സിന്ധൂരിയാണ് മാസ്‌കുകള്‍ നിര്‍മ്മിച്ച് സോഷ്യല്‍മീഡിയയില്‍ കൈയടി നേടിയിരിക്കുന്നത്.
ആറാം ക്ലാസുകാരിയായ സിന്ധൂരിയുടെ ഇടതുകൈയ്ക്ക് ജന്മനാ ശേഷിയില്ല. ഉടുപ്പിയിലെ മൗണ്ട് റൊസാരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് സിന്ധൂരി. 15 മാസ്‌കുകളാണ് സിന്ധൂരി നിര്‍മ്മിച്ചത്. ഇതെല്ലാം തന്റെ സ്‌കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും ചെയ്തു.
കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മാസ്‌കിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തന്റെ പരിമിതികളെ കാറ്റില്‍ പറത്തി മാസ്‌ക് നിര്‍മ്മിച്ച സിന്ധൂരിയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചത്.ചിത്രങ്ങളെല്ലാം തന്നെ വൈറലാണ്.
ഒരു ലക്ഷം മാസ്‌കുകള്‍ നിര്‍മ്മിക്കുകയെന്നതാണ് സിന്ധൂരിയുടെ ഇനിയുള്ള ലക്ഷ്യം. ഒറ്റക്കൈ ഉപയോഗിച്ച് മാസ്‌ക് നിര്‍മ്മിക്കാന്‍ കഴിയുമോയെന്ന് തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നെന്നും എന്നാല്‍ അമ്മ നല്‍കിയ പിന്തുണകൊണ്ടാണ് മാസ്‌ക് നിര്‍മ്മിക്കാനായതെന്നും സിന്ധൂരി പറഞ്ഞു.
Discussion about this post