കോട്ടയം: നാട്ടകത്ത് കുറ്റിക്കാട്ടില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി. നാട്ടകം ഗവ.കോളേജിന് സമീപത്തെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുരയിടത്തിലെ പുളിമരത്തിന്റെ ചുവട്ടിലായാണ് പുരുഷന്റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം കിടന്നിരുന്നത്.
മരക്കൊമ്പില്‍ നിന്ന് താഴെ വീണ നിലയിലാണ് അസ്ഥികൂടം കിടന്നിരുന്നത്. പുളിമരത്തില്‍നിന്ന് കയറും കണ്ടെടുത്തു. ശരീരം ദ്രവിച്ച്, വസ്ത്രവും എല്ലുകളും മാത്രം അവശേഷിച്ച അവസ്ഥയിലായിരുന്നു.
എസ്പിസിഎസിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂമി വെട്ടിത്തെളിക്കുമ്പോള്‍ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. പാന്റ് ധരിച്ച അസ്ഥികൂടത്തിന് സമീപത്ത് നിന്നായി ദ്രവിച്ച നിലയിലൊരു മുണ്ടും കണ്ടെടുത്തിട്ടുണ്ട്.
ചിങ്ങവനം എസ്എച്ച്ഒ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുളിമരത്തില്‍ തുങ്ങിമരിച്ചയാളുടെ അസ്ഥികൂടമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കോട്ടയം എസ്പി ജയദേവും സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post