ബസില്‍ കോവിഡ് രോഗികള്‍ യാത്ര ചെയ്യുന്നുണ്ടെന്നറിഞ്ഞ മറ്റ് യാത്രക്കാര്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. തമിഴ്‌നാട്ടിലെ കൂഡല്ലൂരിലാണ് സംഭവം. കോവിഡ് പോസിറ്റിവായ ദമ്പതികളാണ് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ യാത്ര ചെയ്തത്.
കൂഡല്ലൂരില്‍ നിന്ന് നെയ്‌വേലിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ദമ്പതികള്‍. രണ്ട് ദിവസം മുമ്പാണ് ഇവര്‍ക്ക് കൊറോണ വൈറസ് ടെസ്റ്റ് നടത്തിയത്. ഇവരോട് വീട്ടില്‍ തന്നെ തുടരാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ ഇതു കേള്‍ക്കാതെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയില്‍ പരിശോധനാഫലം വരികയും പോസിറ്റീവാണെന്ന് അറിയുകയും ചെയ്തതോടെ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി. വീട് പൂട്ടികിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടാണ് വിവരം അറിയിച്ചത്. ഇതറിഞ്ഞതോടെ ഭയപ്പെട്ട ഇയാളോട് ഫോണ്‍ കണ്ടക്ടര്‍ക്ക് നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ കണ്ടക്ടര്‍ നിലവിളിക്കുകയും ബസ് നിര്‍ത്തിയതോടെ മറ്റ് യാത്രക്കാര്‍ ഇറങ്ങിയോടുകയുമായിരുന്നു.
ഇതിനിടെ ആരോഗ്യപ്രവര്‍ത്തകരെത്തി ദമ്പതികളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിപ്പോയിലെത്തിച്ച് ബസ് അണുനശീകരണം നടത്തി. മുപ്പതോളം പേരാണ് ബസില്‍ യാത്ര ചെയ്തത്. എന്നാല്‍ വിവരമറിയുന്ന സമയത്ത് 15 പേരാണ് ബസിലുണ്ടായത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ബസ് കണ്ടക്ടറെയും, ഡ്രൈവറെയും യാത്രക്കാരെയും ഉള്‍പ്പെടെ പരിശോധനക്കായി ക്വാറന്റൈനിലാക്കി.
Discussion about this post