ഹൈദരാബാദ്: കോവിഡ് 19 വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ഡൗണും പലരുടെയും ജീവിതതാളം തന്നെ തെറ്റിച്ചു. ജോലി നഷ്ടമായവര്‍, എന്ന് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിയുമെന്നറിയാത്തവര്‍ തുടങ്ങി പലവിധ പ്രതിസന്ധികളെ അതിജീവിക്കുകയാണ് ആളുകള്‍. അക്കൂട്ടത്തിലുള്ളവരാണ് പ്രൈവറ്റ് സ്‌കൂള്‍ അധ്യാപകര്‍. സ്‌കൂള്‍ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിലായതോടെ വരുമാന മാര്‍ഗം നിന്നു. അതോടെ മറ്റ് ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തേണ്ടി വരുന്നു ഇവര്‍ക്ക്.
തെലങ്കാനയിലെ കമ്മത്തുള്ള പ്രൈവറ്റ് സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ജീവിക്കുന്നത് ഇഡ്ഡ്‌ലി, ദോശ, വട എന്നിവ വിറ്റാണ്. രാംബാബു മരഗാനി എന്ന അധ്യാപകനാണ് ജോലി നഷ്ടമായതോടെ ഭാര്യക്കൊപ്പം തട്ടുകട നടത്തി ജീവിക്കുന്നത്.
മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണമെന്നുള്ളതുകൊണ്ടാണ് തട്ടുകട നടത്താന്‍ തീരുമാനിച്ചതെന്ന് രാംബാബു മരഗാനി പറയുന്നു. ”സ്‌കൂള്‍ വീണ്ടും തുറക്കുന്നത് വരെ സ്‌കൂളിനൊരു പ്രിന്‍സിപ്പാളിന്റെ ആവശ്യമില്ലെന്നാണ് മാനേജ്‌മെന്റ് പറഞ്ഞത്. എനിക്ക് കുടുംബം പുലര്‍ത്താന്‍ വേറെ മാര്‍ഗമില്ലായിരുന്നു. അങ്ങനെയാണ് ഞാനും ഭാര്യയും ചേര്‍ന്ന് തട്ടുകട നടത്താന്‍ തീരുമാനിച്ചത്”, രാംബാബു മരഗാനി പറഞ്ഞു.തന്നെ പോലെ നിരവധി പേരാണ് പ്രതിസന്ധി നേരിടുന്നതെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ട് സഹായിക്കണമെന്നും രാംബാബു കൂട്ടിച്ചേര്‍ത്തു.
ഈ അധ്യാപകനെ കുറിച്ച് ട്വിറ്ററില്‍ വന്നതോടെ പലരും അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.
സമാനമായി റാഞ്ചിയില്‍ ഒരു സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ കൃഷിയിലേക്ക് തിരിഞ്ഞു. നാല്‍ഗൊണ്ടയിലെ ഒരു ഇംഗ്ലീഷ് അധ്യാപകന്‍ ഇന്‍ഷൂറന്‍സ് പോളിസി ഏജന്റായി. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് ശമ്പളം കിട്ടാതെ വരുന്നതോടെ പലരും സ്‌കൂള്‍ ഫീസ് അടക്കുന്നില്ലെന്നും ഇക്കാരണത്താല്‍ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിക്കുന്നില്ലെന്നുമാണ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നത്.
Discussion about this post