തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളില്‍ വ്യാഴാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെയുള്ള ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ച ഇടുക്കിയില്‍ അതിതീവ്ര മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ അന്നേ ദിവസം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204 എംഎമ്മില്‍ അധികം മഴ ലഭിക്കുന്ന അതി ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഇടുക്കി,കോട്ടയം,പത്തനംതിട്ട ,എറണാകുളം എന്നീ ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
Discussion about this post