ഐപിഎല്‍ വിവാദത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തോളം നീണ്ട വിലക്കിന് ശേഷം എസ് ശ്രീശാന്തിനെ ഇത്തവണത്തെ രഞ്ജി ട്രോഫിയിലേക്ക് പരിഗണിക്കാന്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. ടീമിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങിവരവ് അദ്ദേഹത്തിന്റെ ശാരീരികക്ഷമതയെ ആശ്രയിച്ചാകും.
സെപ്തംബറില്‍ വിലക്ക് അവസാനിക്കുന്ന ശ്രീശാന്ത് ഉടന്‍ തന്നെ ക്യാമ്പില്‍ എത്തിയേക്കും. കേരളത്തിന്റെ മുന്‍നിര പേസ് ബൗളറായ സന്ദീപ് വാര്യര്‍ തമിഴ്‌നാട് ടീമില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് ശ്രീശാന്തിനെ മടക്കിക്കൊണ്ടുവരുന്നതിന് കെ.സി.എ അനുകൂല നിലപാടെടുത്തിരിക്കുന്നത്. രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങള്‍ക്കുള്ള ക്യാമ്പില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തുമെന്ന് കെസിഎ വ്യക്തമാക്കി.
7 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീശാന്ത് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ മടങ്ങി എത്തുന്നത്. 37കാരനായ താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാനു വേണ്ടി കളിച്ചു കൊണ്ടിരിക്കെ ഒത്തുകളി ആരോപണം നേരിടുകയായിരുന്നു. തുടര്‍ന്ന് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. എന്നാല്‍ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാന്‍ തയ്യാറായിരുന്നില്ല. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ ഓംബുഡ്‌സ്മാന്‍ വിലക്ക് ഏഴ് വര്‍ഷമായി കുറയ്ക്കുകയായിരുന്നു.
എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടിയ ഏകദിന ടി20 ലോകകപ്പ് ടീമുകളില്‍ അംഗമായിരുന്നു ശ്രീശാന്ത്. 27 ടെസ്റ്റുകളില്‍ നിന്നായി 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ 75 വിക്കറ്റും നേടിയ ശ്രീശാന്ത് ആഭ്യന്തര മത്സരങ്ങളിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്. കരിയറില്‍ മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍പ്പെട്ട് വിലക്ക് നേരിട്ട് പുറത്തായത്.
Discussion about this post