ബോളിവുഡ് നടന്‍ സുശാന്ത് രജ്പുതിന്റെ മരണത്തോടെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്. കങ്കണ റണവത്ത്, വിവേക് ഒബ്‌റോയ് എന്നിവര്‍ക്ക് പിന്നാലെ വലിയ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രവീണ ടണ്ടന്‍. ട്വിറ്ററിലൂടെയാണ് രവീണ ബോളിവുഡിലെ യുവതാരങ്ങളുടെ കരിയര്‍ നശിപ്പിക്കുന്ന ”ഗേള്‍ ഗ്യാങിനെ കുറിച്ച് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
ഈ ഗേള്‍ഗ്യാങിന് തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ സിനിമയില്‍ നിന്ന് എന്നന്നേക്കുമായി പുറത്താക്കാന്‍ കഴിയുമെന്നാണ് രവീണ ആരോപിച്ചിരിക്കുന്നത്. ഗേള്‍ ഗ്യാങ് അവരുടെ മാധ്യമപ്രവര്‍ത്തകരായ സുഹൃത്തുക്കളുമായി ചേര്‍ന്ന് യുവതാരങ്ങള്‍ക്കെതിരെ വ്യാജവാര്‍ത്തയുണ്ടാക്കി കരിയര്‍ നശിപ്പിക്കുമെന്നും രവീണ ചൂണ്ടിക്കാട്ടുന്നു.
ചില നായകന്‍മാരുടെ കാമുകിമാരാണ് അവര്‍. നായകന്‍മാര്‍ സിനിമയില്‍ നിന്ന് പുറത്താക്കിയവരെ പരിഹസിക്കുകയാണ് അവരുടെ പ്രധാന വിനോദമെന്നും രവീണ ടണ്ടന്‍ തുറന്നടിച്ചു. ബോളിവുഡില്‍ ജനിച്ച് വീണ തന്റെ വരെ കരിയര്‍ നശിപ്പിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചിലര്‍ പിടിച്ചുനില്‍ക്കാന്‍ പൊരുതും, മറ്റ് ചിലര്‍ക്ക് അതിന് സാധിക്കില്ലെന്നും രവീണ ട്വീറ്റില്‍ പറയുന്നു.
സത്യം തുറന്ന് പറയാന്‍ ശ്രമിക്കുന്നവരെ നുണയനും ഭ്രാന്തനും മനോരോഗിയുമായും മുദ്ര കുത്തും. മാധ്യമപ്രവര്‍ത്തകര്‍ അവരെ തകര്‍ക്കാന്‍ പേജുകളോളം വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കും. തന്നെ കുഴിച്ചുമൂടാന്‍ ചിലര്‍ ശ്രമിച്ചുവെന്നും താന്‍ വീണ്ടും പോരാടുകയായിരുന്നുവെന്നും അവര്‍ ട്വീറ്റ് ചെയ്തു. സമ്മര്‍ദ്ദങ്ങള്‍ കൂടുതലാണ്. നല്ല ആളുകളും വൃത്തികേട് കളിക്കുന്നവരുമുണ്ട്. ചിലര്‍ കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയം ഒരു തരം പുളിച്ചു തികട്ടലുണ്ടാക്കുമെന്നും ട്വീറ്റില്‍ പറയുന്നു. എല്ലാ തരത്തിലുമുള്ള മനുഷ്യര്‍ ബോളിവുഡിലുണ്ട്. തല ഉയര്‍ത്തിപ്പിടിച്ച് നടക്കണമെന്നും നല്ല ഒരു നാളെ ഉണ്ടാകണമെന്നുമാണ് തന്റെ പ്രാര്‍ഥനയെന്നും രവീണ കൂട്ടിച്ചേര്‍ത്തു.
നിര്‍മാതാവ് രവി ടണ്ടന്റെ മകളാണ് രവീണ.
Discussion about this post