തിരുവനന്തപുരം: കേരളത്തില്‍ കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടി വരുന്ന സാഹചര്യത്തില്‍ ടെലികൗണ്‍സിലിംഗ് സേവനവുമായി കേരള പോലീസും സന്നദ്ധ സംഘടനയായ ബോധിനിയും. കൗണ്‍സിലിംഗ് ആവശ്യമായി വരുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കു കേരള പോലീസും ബോധിനിയും സംയുക്തമായി നടത്തുന്ന ടെലികൗണ്‍സിലിംഗിന്റെ സഹായം തേടാം.
കുട്ടികളുടെ വിഷമങ്ങള്‍ മനസ്സിലാക്കാനും അവ തുറന്നു ചര്‍ച്ച ചെയ്യാനും അവയ്ക്ക് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള മുതിര്‍ന്നവരുടെ അഭാവം പലപ്പോഴും കുട്ടികളില്‍ നിരാശയുണ്ടാക്കുന്നു. ഏകാഗ്രതയില്ലായ്മ, എല്ലാത്തിലും പ്രതീക്ഷ നഷ്ടമാവുക, ഒന്നിലും സന്തോഷം കണ്ടെത്താനാവാതെ വരിക, അമിതമായ സ്വയംവിമര്‍ശനം, തുടങ്ങിയ ലക്ഷണങ്ങള്‍ വിഷാദരോഗത്തിലേക്ക് നയിക്കും. ഇതുമൂലം അവരില്‍ എടുത്തുചാട്ടം, മുന്‍കോപം, ഒന്നിലും ശുഭാപ്തിവിശ്വാസമില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു. ക്രമേണ ആത്മഹത്യയിലേക്കും ഇത് നയിക്കും.
സിനിമകളിലും മറ്റും കാണുന്ന ആത്മഹത്യാരീതികള്‍ അനുകരിച്ചുനോക്കാനുള്ള പ്രവണത ചില കുട്ടികളില്‍ കാണാറുണ്ട്. പഠനത്തില്‍ പെട്ടെന്നുണ്ടാകുന്ന മന്ദത, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് തുടങ്ങുക, അപകടകരമായ കാര്യങ്ങളില്‍ താല്പര്യം പ്രകടിപ്പിക്കുക, ആത്മഹത്യാരീതികളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ എന്നിവയും ലക്ഷണങ്ങളാണ്.
കുട്ടികളെ സുഹൃത്തുക്കളായി കണ്ട് അവരുടെ പ്രശ്‌നങ്ങളും വിഷമതകളും എന്താണെന്ന് മനസ്സിലാക്കുകയും അവരെ കുറ്റപ്പെടുത്താതെ സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ പ്രാപ്തരാക്കുകയും വേണം. അവര്‍ തനിച്ചല്ലെന്ന് അവര്‍ക്ക് ബോധ്യപ്പെടണം. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കി അവരുടെ വിഷമങ്ങള്‍ ലഘൂകരിക്കുന്നതില്‍ ശ്രദ്ധ ഊന്നുക. ആത്മഹത്യാപ്രവണതയുള്ളവരെ ഒറ്റയ്ക്കാക്കരുത്. ആവശ്യമെങ്കില്‍ കേരള പോലീസും ബോധിനിയും സംയുക്തമായി നടത്തുന്ന ടെലികൗണ്‍സിലിംഗ് സേവനം പ്രയോജനപ്പെടുത്തണം. അതിനായി ബോധിനിയുടെ 8891320005, 7994701112, 8891115050 നമ്പറുകളില്‍ ബന്ധപ്പെടാം.
Discussion about this post