തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസില്‍ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് നടന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50തില്‍ താഴെ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന വിരുന്നുസല്‍ക്കാരത്തിന് ശേഷം ഇരുവരും ക്ലിഫ് ഹൗസില്‍ നിന്നും കഴക്കൂട്ടത്തെ വസതിയിലേക്ക് മടങ്ങുമെന്നാണ് വിവരം. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തിരുവനന്തപുരം ജില്ലാ രജിസ്ട്രാര്‍(ജനറല്‍) പിപി നൈനാന്റെ കാര്‍മ്മികത്വത്തില്‍ ആണ് വിവാഹ ചടങ്ങും രജിസ്ട്രേഷനും നടന്നത്. ഒരു മാസം മുമ്പ് നിയമാനുസൃതം വിവാഹ നോട്ടീസ് ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു.
പിണറായി വിജയന്റെയും കമലയുടേയും മകള്‍ വീണ ഐടി സംരംഭകയാണ് . പി.എം. അബ്ദുള്‍ ഖാദര്‍ – കെ.എം. അയിഷാബി ദമ്പതികളുടെ മകനാണ് മുഹമ്മദ് റിയാസ്. എസ്എഫ്ഐയിലൂടെയാണ് കോഴിക്കോട് സ്വദേശിയായ റിയാസ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. റിയാസ് സിപിഐഎം സംസ്ഥാന സമിതിയിലും അംഗമാണ്.
Discussion about this post