പാറ്റ്‌ന: ആനപ്രേമികളെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ബിഹാറില്‍ നിന്നുള്ളൊരു ആനപ്രേമി ചെയ്ത കാര്യം കേട്ടാല്‍ ആരുമൊന്ന് അന്തംവിട്ടുപോകും. സ്വന്തം സമ്പത്ത് ആനകളുടെ പേരിലെഴുതി വെച്ചാണ് പാറ്റ്‌ന സ്വദേശിയായ അക്തര്‍ ഇമാം വ്യത്യസ്തനാകുന്നത്.
അഞ്ച് കോടി രൂപവിലമതിക്കുന്ന സമ്പത്താണ് അക്തര്‍ രണ്ട് ആനകളുടെ പേരില്‍ എഴുതി വച്ചിരിക്കുന്നത്. 15 വയസ് പ്രായമുള്ള റാണിയ്ക്കും 20 വയസുള്ള മോട്ടിയ്ക്കുമാണ് എന്‍ജിഒ സ്ഥാപനത്തിന്റെ ചീഫ് മാനേജറായ അക്തര്‍ ഇമാം സ്വത്ത് എഴുതി നല്‍കിയത്. അഞ്ച് സഹോദരിമാര്‍ക്കും വിവാഹമോചനം നേടിയ ഭാര്യക്കും മകനും അവരുടെ ഭാഗം നല്‍കിയ ശേഷമാണ് ബാക്കിയുള്ള സ്വത്ത് മുഴുവന്‍ അക്തര്‍ ആനകള്‍ക്കായി നല്‍കിയത്. ആറരയേക്കര്‍ നിലമാണ് ആനകളുടെ പേരിലുള്ളത്. ഏഷ്യന്‍ എലിഫന്റ് റിഹാബിലിറ്റേഷന്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് അനിമല്‍ ട്രസ്റ്റ് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ആനകളെ സംരക്ഷിക്കുമെന്നും അക്തര്‍ പറയുന്നു.
ഒരിക്കല്‍ ആനകളുമായി ജോലിക്ക് പോയപ്പോള്‍ തന്നെ ആയുധവുമായി ചിലര്‍ അക്രമിക്കാനെത്തിയപ്പോള്‍ അവരില്‍ നിന്ന് രക്ഷപ്പെടുത്തിയത് ആനകളാണ്. സ്വന്തം മക്കളെ പോലെയാണ് അവരെ താന്‍ കരുതുന്നത്. എല്ലാകാലത്തും അവരെ പരിപാലിച്ച് കൂടെ നില്‍ക്കാന്‍ കഴിയില്ലയെന്ന ഭയമുള്ളതിനാലാണ് സ്വത്ത് ആനകളുടെ പേരില്‍ എഴുതിയതെന്നും അക്തര്‍ പറയുന്നു.
Discussion about this post