കോഴിക്കോട്: നിതിന്‍ പോയതറിയാതെ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്കി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ സിസേറിയനിലൂടെയായിരുന്നു ആതിരയുടെ പ്രസവം. വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തിയത് ഗര്‍ഭിണിയായ ആതിരയും ഭര്‍ത്താവ് നിതിന്‍ ചന്ദ്രനുമായിരുന്നു.
ഹൃദായാഘാതത്തെ തുടര്‍ന്ന് ദുബായിയില്‍ ഉറക്കത്തില്‍ മരിച്ച നിതിന്‍ ചന്ദ്രന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും.കോഴിക്കോട് പേരാമ്പ്ര മൂയിപ്പോത്താണ് നിതിന്റെ വീട്. നിതിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം വന്ദേഭാരത് മിഷന്റെ ആദ്യവിമാനത്തില്‍ത്തന്നെ ആതിര നാട്ടിലെത്തിയിരുന്നു. അന്ന് ആതിരക്കൊപ്പം നാട്ടിലേക്കെത്താന്‍ നിതിനും ടിക്കറ്റ് ലഭിച്ചിരുന്നെങ്കിലും അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാള്‍ക്കായി ആ ടിക്കറ്റ് നിതിന്‍ നല്‍കുകയായിരുന്നു. പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു ആതിരയോട് നിതിന്‍ പറഞ്ഞിരുന്നത്. നിതിന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ ത്തന്നെ നിന്നു. ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നിതിന്‍ മരിച്ചത്.
നിതിന്റെ മരണവാര്‍ത്ത എങ്ങനെ ആതിരയെ അറിയിക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കള്‍.
Discussion about this post