മലപ്പുറം: മോശം നെറ്റ്വര്‍ക്ക് കാരണം ഓണ്‍ലൈന്‍ ക്ലാസിനായി പുരപ്പുറത്ത് കയറിയിരുന്ന് പഠിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അരീക്കലിലെ നമിത നാരായണനാണ് ഇന്റര്‍നെറ്റിന് വേഗത കുറവായതിനെ തുടര്‍ന്ന് പുരപ്പുറത്ത് കയറിയിരുന്നത്. ചിത്രം വൈറലായതോടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നമിതയെ തേടിയെത്തിയിരിക്കുകയാണ്.
കുറ്റിപ്പുറം കെ എം സി ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബി എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് നമിത.തിങ്കളാഴ്ച ക്ലാസ് തുടങ്ങിയപ്പോള്‍ ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്ക് ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന് നമിതക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ക്ലാസുകള്‍ നഷ്ടമാകാതിരിക്കാന്‍ നമിത പുരപ്പുറത്ത് കയറിയത്.
നമിതയുടെ ഈ സാഹസം ചിലര്‍ ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയയില്‍ ഇട്ടതോടെയാണ് സംഭവം വൈറലായതും നമിതയെ തേടി സഹായമെത്തിയതും. സംഭവം ശ്രദ്ധയില്‍പ്പെട്ട ഒരു സ്വകാര്യകമ്പനിയിലെ ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസം നമിതയുടെ വീട്ടിലെത്തി ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കുകയായിരുന്നു.അതി വേഗ ഇന്റര്‍നെറ്റ് സൗകര്യത്തോടെ വ്യാഴാഴ്ച മുതല്‍ നമിത പഠനം തുടങ്ങി.
Discussion about this post