മലപ്പുറം: ജോര്‍ദ്ദാനില്‍ കുടുങ്ങിയ ആടുജീവിതം സിനിമാ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദ്ദാനില്‍ നിന്ന് നടന് പൃഥ്വിരാജിനൊപ്പം പ്രത്യേക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ ആള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് കോവിഡ്. അറബിക് അദ്ധ്യാപകനായ ഇദ്ദേഹം ആടുജീവിതം സിനിമാ സംഘത്തിനൊപ്പം ട്രാന്‍സ്ലേറ്ററായാണ് പ്രവര്‍ത്തിച്ചത്. എടപ്പാള്‍ കോവിഡ് കെയര്‍ സെന്ററിലും വീട്ടിലും നിരീക്ഷണത്തിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി കോവിഡ് ആശുപത്രിയിലേക്ക് മാറ്റി.
പൃഥ്വിരാജ് ഉള്‍പ്പെടെ 58 അംഗ സംഘമായിരുന്നു ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ജോര്‍ദാനിലേക്ക് പോയത്. രണ്ട് മാസത്തിലേറെയായി ഇവര്‍ ജോര്‍ദാനില്‍ തുടരുകയായിരുന്നു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവര്‍ തിരിച്ച് നാട്ടിലെത്തിയത്.
അതേസമയം പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. സോഷ്യല്‍ മീഡിയ വഴി പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
Discussion about this post