തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂട് ക്വാറന്റൈനില്‍. കോവിഡ് ബാധിതനായ പ്രതിയെ അറസ്റ്റ് ചെയ്ത സിഐയ്‌ക്കൊപ്പം വേദി പങ്കിട്ടതിനെ തുടര്‍ന്നാണ് സുരാജിനോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
വാമനപുരം എംഎല്‍എ ഡി.കെ.മുരളി, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് എസ് കുറുപ്പ് എന്നിവരോട് ഹോം ക്വാറന്റൈനില്‍ പോകാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
സുരാജിന്റെ വസ്തുവിലെ കപ്പകൃഷി ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കോവിഡ് വിപത്തില്‍ നിന്നു കരകയറാന്‍ പാവങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി എത്തിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നഗരസഭ ആരംഭിച്ച കപ്പ കൃഷി പദ്ധതിയുടെ ഭാഗമായായിരുന്നു ചടങ്ങ്. സംവിധായകന്‍ തുളസിദാസും സുരാജ് വെഞ്ഞാറമൂടും കൃഷി ചെയ്യാനായി ഭൂമി വിട്ടുകൊടുത്തിരുന്നു.
അതേസമയം വെള്ളിയാഴ്ചയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനും മൂന്നംഗ സംഘത്തെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാറില്‍ സഞ്ചരിച്ച ഇവര്‍ ബൈക്കില്‍ എതിരെ വരികയായിരുന്ന പൊലീസ് ട്രെയിനിയെ ഇടിച്ചിട്ടു. തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതികളെ റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച പ്രതിയോട് അടുത്തിടപഴകിയിരുന്ന ഇരുപതോളം ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പതിനാല് ജീവനക്കാര്‍ ജയിലില്‍ തന്നെ നിരീക്ഷണത്തില്‍ തുടരും. അതേസമയം ഡ്യൂട്ടി കഴിഞ്ഞ് പുറത്തുപോയ ജീവനക്കാര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post