ന്യൂഡല്‍ഹി: തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ഉം-പുന്‍’ ചുഴലിക്കാറ്റ് മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെ 8.30 ന് ഒഡീഷയിലെ പരാദീപ് തീരത്ത് നിന്ന് ഏകദേശം 990 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയില്‍ നിന്ന് 1140 കി.മീയും ദൂരെയും കാറ്റ് ആഞ്ഞടിച്ചു. അടുത്ത 12 മണിക്കൂറില്‍ ഇത് അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല. കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനം കൂടി പരിഗണിച്ച് കൊണ്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും ‘യെല്ലോ’ അലേര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദേശമുണ്ട്.
സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 89 കി.മീ മുതല്‍ 117 കി.മീ ആകുന്ന ഘട്ടമാണ് ശക്തമായ ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 118 കി.മീ മുതല്‍ 166 കിമീ വരെ ആകുന്ന സിസ്റ്റങ്ങളെയാണ് അതിശക്തമായ ചുഴലിക്കാറ്റെന്ന് വിളിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും ദിശയില്‍ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
Discussion about this post