കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായ വിഭാഗങ്ങളിലൊന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍. രണ്ട് മാസത്തോളമായി വരുമാനം തീര്‍ത്തും നിലച്ച അവസ്ഥയിലാണ് ഇവര്‍. ലോക്ഡൗണ്‍ കഴിയുന്നത് വരെ പിടിച്ചു നില്‍ക്കാന്‍ എത്ര പേര്‍ക്ക് കഴിയുമെന്ന് അറിയാത്ത അവസ്ഥയിലാണ്. മിക്ക കുടുംബങ്ങളിലും ഓട്ടോ ഓടിച്ചു കിട്ടുന്നതാണ് ഏക വരുമാന മാര്‍ഗം. അതും അന്നന്നത്തേക്കുള്ള വരുമാനം മാത്രം. ഒട്ടുമിക്ക ഓട്ടോതൊഴിലാളികളുടെയും സ്ഥിതി പരുങ്ങലിലാണ്.
വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങി ഓടിക്കുന്നവരാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയ അവസ്ഥയിലാണ്. ഇന്ധനച്ചെലവ്, അറ്റക്കുറ്റപ്പണി തുടങ്ങിയവ കഴിച്ച് 500 രൂപയാണ് ഒരു ഓട്ടോഡ്രൈവറുടെ ശരാശരി വരുമാനം. വായ്പ, വീട്ടുചെലവ്, കുട്ടികളുടെ പഠനച്ചെലവ് എന്നിവയ്‌ക്കെല്ലാം ഇതില്‍ നിന്ന് വേണം പണം കണ്ടെത്താന്‍. ചിലരാകട്ടെ സ്വന്തമായി വീടില്ലാതെ വാടകവീട്ടില്‍ കഴിയുന്നവരും. നിത്യരോഗികളും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് മരുന്നിന് വേണ്ട പണം പോലുമില്ല.
റേഷന്‍കടയില്‍ നിന്ന് ലഭിച്ച അരിയും പലവ്യജ്ഞനവും കൊണ്ടാണ് ഇപ്പോള്‍ പലരും ജീവിതം തള്ളിനീക്കുന്നത്. അതിനുമപ്പുറം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഓട്ടോ ഡ്രൈവര്‍മാരുടെ പരാതി. ലോക്ഡൗണിന് ഇളവ് പ്രഖ്യാപിച്ചപ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് വരെ അതിന്റെ ആനുകൂല്യം ലഭിച്ചു. ടാക്‌സി കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് പോകാന്‍ അനുവാദമുണ്ടെങ്കിലും ഓട്ടോയ്ക്ക് അതും ഇല്ല.
ആരോഗ്യവകുപ്പും പോലീസും നല്‍കുന്ന നിര്‍ദേശം അനുസരിച്ച് ഓട്ടോ ഓടിക്കാന്‍ തയ്യാറാണെന്നും അതിന് അനുവാദം നല്‍കണമെന്നുമാണ് ഓട്ടോതൊഴിലാളികളുടെ ആവശ്യം. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളല്ലാത്ത മുഴുവന്‍ ഡ്രൈവര്‍മാര്‍ക്കും ധനസഹായം അനുവദിക്കണമെന്നും ഇവര്‍ പറയുന്നു.
Discussion about this post