മക്കളെ കണ്ടിട്ട് രണ്ട് മാസമായി. ലോക്ഡൗണ്‍ ആയത് മുതല്‍ ജോലിയും താമസവും ആശുപത്രിയില്‍ തന്നെ. പറഞ്ഞുവരുന്നത് പാറമ്പുഴ ആരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് ജെ.സൈനയുടെയും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ അവനി സുധയുടെയും കോവിഡ് കാലത്തെ കുറിച്ചാണ്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ജോലി സ്ഥലം തന്നെ സൈനയ്ക്കും അവനി സുധയ്ക്കും വീടാക്കേണ്ടി വന്നത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം സ്വന്തം വീട്ടിലേക്ക് ഇന്ന് ഇവർ പോവുകയാണ്.
സൈനയുടെ വീട് കൊല്ലം തട്ടാമലയിലും, അവനി സുധയുടേത് നെയ്യാറ്റിന്‍കരയിലുമാണ്. കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യവകുപ്പ് പ്രവര്‍ത്തകന്‍ പാറമ്പുഴ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഇതോടെയാണ് സൈനയ്ക്കും അവനിക്കും ആരോഗ്യകേന്ദ്രത്തിലെ ഒരു മുറിയില്‍ത്തന്നെ താമസിക്കേണ്ടി വന്നത്. ആശുപത്രിക്കെട്ടിടത്തിന്റെ മുകളിലെ മുറിയിലാണ് ഇരുവരും താമസിക്കുന്നത്. കാന്റീന്‍ അടച്ചതോടെ അവിടത്തെ പാത്രങ്ങള്‍ കൊണ്ടുവന്ന് സ്വയം പാചകവും ആരംഭിക്കുകയായിരുന്നു. ആവശ്യമായ സാധനങ്ങള്‍ മെഡിക്കല്‍ ഓഫീസറായ ഡോ. റെക്‌സന്‍ പോള്‍ എത്തിച്ചുകൊടുക്കും. ഡോ.റെക്‌സന്‍ പോള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രീത പി.ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള സഹപ്രവര്‍ത്തകരുടെ കരുതലും സ്‌നേഹവും തുണയായെന്ന് ഇരുവരും പറയുന്നു.
അമ്മ എന്ന് വരും എന്ന ചോദ്യമാണ് മക്കളെ വിളിക്കുമ്പോഴൊക്കെ ചോദിക്കുന്നത്. കൃത്യമായ ഒരു ഉത്തരം നല്‍കാനാകാത്ത വിഷമത്തിലായിരുന്നു ഇരുവരും.കാത്തിരിപ്പിനൊടുവില്‍ വീട്ടിലേക്ക് പോകാനായതിന്റെ സന്തോഷത്തിലാണ് അവനി സുധയും സൈനയും.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അവനി സുധ പാറമ്പുഴ ആശുപത്രിയിലെത്തിയത്. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ ആണ് വീട്ടിലേക്ക് പോകാറുണ്ടായിരുന്നത്. മാര്‍ച്ച് 16നാണ് ഒടുവില്‍ വീട്ടില്‍ പോയി മടങ്ങിയെത്തിയത്. അതിന് പിന്നാലെ ലോക്ഡൗണും പ്രഖ്യാപിച്ചതോടെ വീട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയിലായി. പാറമ്പുഴയില്‍ പെയിംഗ് ഗസ്റ്റായിട്ടായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ പെയിംഗ് ഗസ്റ്റുകളെ താമസിപ്പിക്കുന്നതില്‍ നിയന്ത്രണം വന്നതോടെയാണ് താമസം ആശുപത്രിയിലേക്ക് മാറ്റിയത്. കണ്ണൂരില്‍ പഞ്ചായത്ത് ഓഫീസില്‍ ഓവര്‍സിയറായ ഷിബുവാണ് അവനിയുടെ ഭര്‍ത്താവ്. മക്കള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന അഭിറാമും ഏഴാം ക്ലാസില്‍ പഠിക്കുന്ന അഭിദേവും.
സൈന 2015 മുതല്‍ പാറമ്പുഴയില്‍ ജോലി ചെയ്തു വരികയാണ്. മാര്‍ച്ച് 23നായിരുന്നു അവസാനമായി വീട്ടില്‍ പോയത്. സൈനയുടെ ഭര്‍ത്താവ് രഘുനാഥന്‍ വിദേശത്താണ്. മക്കള്‍ അമല്‍ പത്താം ക്ലാസിലും അനഘ ഒമ്പതാം ക്ലാസിലുമാണ് പഠിക്കുന്നത്.
Discussion about this post