കൊച്ചി: കേരളം വാടകക്കെടുത്ത പവന്‍ ഹംസ് എഎസ് 365 ഡൗഫിന്‍ എന്‍ എന്ന ഹെലികോപ്റ്ററിന്റെ ആദ്യ പറക്കല്‍ അവയവ ദാനത്തിന് വേണ്ടി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 3.05ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ എറണാകുളം ഹയാത്ത് ഹെലിപ്പാഡില്‍ 3.55ന് ലാന്‍ഡ് ചെയ്തു. അഞ്ച് മിനിറ്റിനുള്ളില്‍ ലിസി ആശുപത്രിയിലേക്കുള്ള 6 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ആംബുലന്‍സ് ആശുപത്രിയിലെത്തി. ലിസ്സി ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടക്കുകയാണ്.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് കോതമംഗലം സ്വദേശിനിയായ 49 കാരിക്ക് ദാനം ചെയ്യുന്നത്. ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.ജോസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ.
ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്ടര്‍ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നത്. പൊലീസ് വാടകക്കെടുത്ത ഹെലികോപ്റ്റര്‍ കഴിഞ്ഞ മാസം പകുതിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. 1,44,6000 രൂപയാണ് ഹെലികോപ്റ്ററിന്റെ മാസവാടക. ഫ്രഞ്ച് നിര്‍മ്മിതമാണ് 10 സീറ്റുള്ള ഈ ഹെലികോപ്റ്റര്‍. ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ് ഹെലികോപ്റ്ററുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കോടികള്‍ മുടക്കി പൊലീസ് ആവശ്യത്തിനെന്ന പേരില്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത് വലിയ വിവാദമായിരുന്നു.
Discussion about this post