ലോക്ഡൗണിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍പ്പെട്ട മകനെ തിരിച്ച് വീട്ടിലെത്തിക്കാന്‍ ഭിന്നശേഷിക്കാരിയായ അമ്മ സ്‌കൂട്ടറില്‍ യാത്ര ചെയ്തത് 1200 കിലോമീറ്റര്‍ ദൂരം. പൂനെയില്‍ നിന്ന് അമരാവതിയിലേക്കാണ് 14കാരനായ മകനെ കൊണ്ടുവരാന്‍ സോനു ഖണ്ഡാരെ എന്ന അമ്മ യാത്ര ചെയ്തത്.
പൂനെയില്‍ നിന്ന് അമരാവതിയിലേക്ക് ഏകദേശം 18 മണിക്കൂര്‍ ഇവര്‍ യാത്ര ചെയ്തു. ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുകയാണ് സോനു ഖണ്ഡാരെ എന്ന 37കാരി. മാര്‍ച്ച് പതിനേഴിനാണ് അമരാവതി ജില്ലയില്‍ അന്‍ജന്‍ഗാവ് സുര്‍ജിയിലെ ബന്ധുവീട്ടിലേക്ക് മകന്‍ പ്രതീക് പോയത്. എന്നാല്‍, മാര്‍ച്ച് 22ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രതീകിന് തിരിച്ച് വരാന്‍ കഴിഞ്ഞില്ല. ലോക്ഡൗണ്‍ നീട്ടിയതോടെയാണ് മകനെ തിരികെ കൊണ്ടുവരാന്‍ സോനു തീരുമാനിച്ചത്.
ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് യാത്ര പാസ് എടുത്തിരുന്നു. കാര്‍ വാടകക്കെടുക്കാന്‍ ആലോചിച്ചിരുന്നെങ്കിലും വലിയ തുക വരുമെന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന്
പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് 48 മണിക്കൂര്‍ യാത്ര ചെയ്യാനുള്ള പാസ് വാങ്ങിയ സോനു ഏപ്രില്‍ 24നാണ് പുറപ്പെട്ടത്.
‘ഭക്ഷണവും വെള്ളവും കരുതിയിരുന്നു. പലയിടങ്ങളിലും രാത്രി നല്ല ഇരുട്ടായിരുന്നതിനാല്‍ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തില്‍ മാത്രമായിരുന്നു യാത്ര. വഴിയിലുടനീളമുള്ള ഓരോ ചെക്ക് പോസ്റ്റിലും പൊലീസുകാര്‍ തടഞ്ഞു. പെട്രോള്‍ പമ്പിന് സമീപം സിസിടിവി ക്യാമറകള്‍ കണ്ട് കുറച്ച് സമയം വിശ്രമിച്ചു. എന്തെങ്കിലും സംഭവിച്ചാലും സിസിടിവി സാക്ഷിയാകുമല്ലോ എന്ന വിശ്വാസത്തിലാണ് അങ്ങനെ ചെയ്തതെന്നും സോനു ഖണ്ഡാരെ പറഞ്ഞു.
ഇരുപത്തിയഞ്ചാം തീയതി ഉച്ചകഴിഞ്ഞ് ബന്ധുവിന്റെ വീട്ടിലെത്തിയ സോനു കുറച്ച് നേരം അവരോടൊപ്പം ചെലവഴിച്ച് യാത്രാ പാസിന്റെ കാലാവധി തീരുന്നതിന് മുന്‍പ് തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. 26ന് രാത്രി 11മണിയോടെ ഭോസ്രിയിലെ വീട്ടില്‍ തിരിച്ചെത്തി.
തൊട്ടടുത്ത ദിവസം രാവിലെ അമ്മയും മകനും ആശുപത്രിയിലെത്തി ഉപദേശം തേടി. 14 ദിവസം വീട്ടില്‍ തന്നെ ഇരുവരും ക്വാറന്റൈനില്‍ കഴിയാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കൂടാതെ സോനു ഖണ്ഡാരെ ബെഡ് റസ്റ്റ് എടുക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
Discussion about this post