രാജസ്ഥാന്‍: കോവിഡ് 19നെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലായതോടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ കാര്യത്തില്‍ മാതൃകയാവുകയാണ് രാജസ്ഥാനില്‍ നിന്നുള്ള ഒരു യുവാവ്. വീട്ടില്‍ ക്വാറന്റൈനിലിരിക്കാന്‍ പ്രത്യേക മുറി ഇല്ലാത്തതിനാല്‍ മരത്തിന് മുകളിലാണ് ഈ യുവാവ് ക്വാറന്റൈനിലിരിക്കുന്നത്.
ഉദയ്പൂരിലെ ഭിന്ദര്‍ എന്ന ഗ്രാമത്തിലാണ് ഈശ്വര്‍ ലാല്‍ റാവത്ത് എന്ന 18കാരന്‍ മരത്തിന് മുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നത്. വീടിന് സമീപത്തുള്ള വേപ്പ് മരത്തിന് മുകളിലാണ് ഈശ്വര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്.
മറ്റൊരു സംസ്ഥാനത്ത് നിന്ന് വന്നത് കാരണം കുടുംബാംഗങ്ങളില്‍ നിന്ന് അകലം പാലിച്ച് നിശ്ചിത ദിവസം കഴിച്ചു കൂട്ടാനാണ് ഇയാളുടെ തീരുമാനം. മെയ് മൂന്നിനാണ് സൂറത്തില്‍ നിന്ന് ഈശ്വര്‍ നാട്ടിലെത്തിയത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ഇയാളുടെ രണ്ട് സഹോദരങ്ങള്‍ കൂടി തിരികെ എത്തിയിട്ടുണ്ട്. ഇവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ അതിനുള്ള സൗകര്യമില്ലാത്തതിനാലാണ് ഈശ്വര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുമെന്നും കൊറോണ വൈറസ് ബാധയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാകുമെന്നും ഈശ്വര്‍ പറഞ്ഞു.
Discussion about this post