കൊച്ചി: കോവിഡ് മുക്ത ജില്ലയായി എറണാകുളം. ജില്ലയിലെ അവസാനത്തെ കോവിഡ് രോഗി കൂടി ആശുപത്രി വിട്ടു. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്. മാര്‍ച്ച് 22ന് യുഎഇയില്‍ നിന്നു മടങ്ങിയെത്തിയ എറണാകുളം കലൂര്‍ സ്വദേശിയായ വിഷ്ണു (23) ആണ് ഇന്ന് ഡിസ്ചാര്‍ജ് ആയത്.
വെള്ളിയാഴ്ച അവസാനമായി നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവയതോടെയാണ് വിഷ്ണുവിനെ ഡിസ്ചാര്‍ജ് ചെയ്തത്. 15,16 സാംപിളുകളുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി.
കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയുമായുണ്ടായ സമ്പര്‍ക്കത്തില്‍ നിന്നാണ് വിഷ്ണുവിന് കൊറോണ ബാധിച്ചത്. ഏപ്രില്‍ 4നാണ് ഇദ്ദേഹത്തെ ചുമയും ശ്വാസതടസവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 29 ദിവസമായി ഐസലേഷന്‍ വാര്‍ഡില്‍ വിദഗ്ധ ചികിത്സയില്‍ ആയിരുന്നു വിഷ്ണു.
എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.നോഡല്‍ ഓഫിസര്‍ ഡോ. ഫത്താഹുദീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ പി.വാഴയില്‍, ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത നായര്‍, ഡോ. ജേക്കബ് കെ.ജേക്കബ്, ഡോ. റെനിമോള്‍, ഡോ. വിധുകുമാര്‍, ഡോ. മനോജ് ആന്റണി, നഴ്സിങ് സൂപ്രണ്ട് സാന്റ്റി അഗസ്റ്റിന്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ.
എറണാകുളം ജില്ലയില്‍ ഇനി 714 പേരാണ് നിരീക്ഷണത്തിലുള്ളത്. തുടര്‍ച്ചയായി പതിനാല് ദിവസം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് എറണാകുളത്തെ ഓറഞ്ച് സോണില്‍ നിന്നും ഗ്രീന്‍ സോണിലേക്ക് മാറ്റിയിരുന്നു.
Discussion about this post