കൊച്ചി: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോകത്ത് പലയിടങ്ങളിലായി കുടുങ്ങിയവര്‍ തിരികെ നാട്ടില്‍ എങ്ങനെയെങ്കിലും എത്തിയാല്‍ മതിയെന്ന് കരുതുന്നവരാണ്. എന്നാല്‍ കേരളത്തിലെത്തിയ അമേരിക്കന്‍ സംവിധായകനും നാടകകൃത്തുമായ ടെറി ജോണ്‍ കോണ്‍വേര്‍സ് ആഗ്രഹിക്കുന്നത് മറ്റൊന്നാണ്. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ എല്ലാവരും ആഗ്രഹിക്കുമ്പോള്‍ ടെറി ജോണിന് കേരളം വിട്ടുപോകാന്‍ ആഗ്രഹമില്ല. കേരളം സുരക്ഷിതമാണെന്നാണ് അദ്ദേഹം പറയുന്നത്. പറയുക മാത്രമല്ല, ആറ് മാസത്തേയ്ക്ക് കൂടി വിസ നീട്ടിക്കിട്ടാന്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു അദ്ദേഹം. ഇത് സംബന്ധിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
അമേരിക്കയിലേക്കാള്‍ ഇന്ത്യയില്‍ താന്‍ സുരക്ഷിതനാണെന്ന് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയ ശേഷം അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍, വൈറസിനെതിരെ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ മഹാമാരിയെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് 20 വരെയാണ് നിലവില്‍ വിസ കാലാവധി നീട്ടിയിരിക്കുന്നത്. ഈ തീയതിക്ക് ശേഷവും അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തിയില്ലെങ്കില്‍ വിസ കാലാവധി സ്വാഭാവികമായി നീളുമെന്നും കോടതി വ്യക്തമാക്കി.
കൊച്ചി പനമ്പിള്ളി നഗറിലാണ് ടെറി ജോണ്‍ കോണ്‍വേര്‍സ് ഇപ്പോള്‍ താമസിക്കുന്നത്. വാഷിങ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ തീയറ്റര്‍ വിഭാഗം പ്രൊഫസറാണ് ടെറി ജോണ്‍ കോണ്‍വേര്‍സ്.
2012ല്‍ ഇന്ത്യയില്‍ എത്തിയ ടെറി ജോണ്‍ കേരളത്തിലെ അടക്കം പരമ്പരാഗത നാടക പ്രസ്ഥാനങ്ങളെ പറ്റി പഠിച്ചു. ഇപ്പോള്‍ ആറുമാസത്തെ സന്ദര്‍ശക വിസയിലാണ് എത്തിയിരിക്കുന്നത്.
Discussion about this post