മുഖം വെളുത്തുതുടക്കാൻ എല്ലാവർക്കും ആഗ്രഹം കാണും. അതുകൊണ്ടുതന്നെ പലരും യൂട്യൂബിലെ വ്യാജ പ്രമോഷൻ കണ്ട് കണ്ണിൽ കണ്ട ക്രീമുകൾ എല്ലാം വാരിപുരട്ടും. ദാ അങ്ങനെ വാരിപ്പുരട്ടിയ എട്ടുപേർക്കാണ് അപൂർവ്വ വൃക്ക രോഗം പിടിപെട്ടത്. കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരാണ് ഇത് കണ്ടെത്തിയത്. മെർക്കുറിയുടെയും ഈയത്തിന്റെയും അളവ് കൂടുതലുള്ള ക്രീമുകൾ ഉപയോഗിച്ചവരിലാണ് അപൂർവ രോഗം കണ്ടെത്തിയത്. ആദ്യം 14 വയസ്സുള്ള പെൺകുട്ടിയിലാണ് രോഗം കണ്ടെത്തിയത്.
മരുന്നുകൾ ഫലപ്രദമല്ലാതെ വന്നപ്പോഴാണ് കുട്ടി ഉപയോഗിച്ച ഫെയർനസ് ക്രീം പരിശോധനയ്ക്ക് അയച്ചത്. പെൺകുട്ടിയുടെ മറ്റൊരു ബന്ധുവും സമാനരോഗാവസ്ഥയുമായി ബന്ധപ്പെട്ട് ചികിത്സ തേടിയതോടെ ഫെയർനസ് ക്രീം ആണ് രോഗം പരത്തിയതെന്ന് ഉറപ്പായി. പിന്നീട് 29 വയസ്സുള്ള മറ്റൊരു വ്യക്തി സമാന ലക്ഷണങ്ങളുമായി വന്നപ്പോൾ അദ്ദേഹത്തിനോട് വിശദവിവരങ്ങൾ അറിയുകയും ഫെയർനസ് ക്രീം ഉപയോഗിച്ചിരുന്നതായി പറയുകയും ചെയ്തു. ഇതോടെ നേരത്തെ സമാന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുടെയും വിവരങ്ങൾ ആരാഞ്ഞു.
ഇതിൽ എട്ടുപേരും ഈ ക്രീം ഉപയോഗിച്ചവരാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ വ്യാജ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ചൈന, തുർക്കി, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ ലേബലിൽ എത്തുന്ന ക്രീമുകൾ. ക്രീമിൽ ഉപയോഗിക്കുന്ന ചേരുവകൾ,രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നമ്പർ,ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിൻറെ പേര്,മേൽവിലാസം തുടങ്ങിയവ വ്യാജമല്ലെന്ന് ഉറപ്പുവരുത്തുക.
Discussion about this post