മലയാളത്തിൻറെ മഹാനടനായ മധു ഇന്ന് നവതിയുടെ നിറവിലാണ്. സ്വാഭാവിക അഭിനയ ശൈലിയുടെ ഉടമയായ മധു മലയാളിയുടെ മനസ്സിൽ ഒട്ടനവധി മറക്കാനാവാത്ത കഥാപാത്രങ്ങൾക്കാണ് ജീവൻ നൽകിയത്. ഭാർഗവീനിലയവും, ചെമ്മീനും, ഓളവും തീരവും തുടങ്ങി മലയാളി എന്നെന്നും ഇഷ്ടപ്പെടുന്ന സിനിമകളിലൂടെ ചില പ്രതിഷ്ഠ നേടിയ നടനാണ് മധു. സംവിധായകൻ, നടൻ, നിർമ്മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം തന്നെ തിളങ്ങിയ ഒരാൾ കൂടിയാണ് മധു. നായകനായും സഹനടനായും പ്രതിനായകനായുമെല്ലാം മലയാള സിനിമയിൽ ഒരു കാലത്ത് മധു നിറഞ്ഞുനിന്നു. ചെമ്മീനിലെ കൊച്ചുമുതലാളിയും, ഹൃദയം ഒരു ക്ഷേത്രത്തിലെ ഡോക്ടറും യുവഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി. ഐ വി ശശി- പത്മരാജൻ കൂട്ടുകെട്ടിൽ പുറത്തുവന്ന ‘ഇതാ ഇവിടെ വരെ’ എന്ന സിനിമയിൽ ക്രൂര വില്ലനായി കടന്നുവന്ന മധുവിനെ എങ്ങനെ മലയാളികൾക്ക് മറക്കാൻ സാധിക്കും.
മലയാളത്തിലേക്ക് ദേശീയ അംഗീകാരം കൊണ്ടുവന്ന സ്വയംവരത്തിലും ചെമ്മീനിലും മധുവിന്റെ സാന്നിധ്യം ഉണ്ടായി. ഒരു നടൻ എന്നതിലുപരി ഒരു സംവിധായകൻ എന്ന നിലയിലും ഒരു നിർമാതാവ് എന്ന നിലയിലും മലയാള സിനിമയെ ഇന്ന് കാണുന്ന ഉയർച്ചയിലേക്ക് എത്തിച്ചതിൽ നിർണായക പങ്കാണ് മധുവിന് ഉള്ളത്. മലയാളത്തിലെ യുവ അഭിനേതാക്കൾ അടക്കം തങ്ങളുടെ കരിയറിൽ സിനിമാപാത പിന്തുടരുന്നതും ഇദ്ദേഹത്തെ നോക്കിയാണ്. മലയാളത്തിൽ ഒരുകാലത്ത് സൂപ്പർസ്റ്റാർ എന്ന് വിളിക്കപ്പെട്ട പ്രേംനസീറും സത്യനും ഉണ്ടായ സമയത്ത് തന്നെ തന്റേതായി ഒരു സ്ഥാനം മലയാള സിനിമയിൽ കണ്ടെത്തിയ വ്യക്തി കൂടിയാണ് മധു. ഇന്നും നവതിയുടെ ആഘോഷത്തിൽ തലയെടുപ്പോടെ ഈ സൂപ്പർസ്റ്റാർ മലയാള സിനിമയുടെ അമരത്ത് ശോഭിക്കുകയാണ്.
Discussion about this post