തിരുവനന്തപുരം: ക്യാൻസർ രോഗികളുടെ തുടർചികിത്സയ്ക്കും പരിശോധനകൾക്കും ഇനി തിരുവനന്തപുരം ആർ.സി.സി വരെ പോകണ്ട. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 22 കേന്ദ്രങ്ങളിൽ സർക്കാർ ഇതിനുള്ള സംവിധാനം ഒരുക്കി.
തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂർ താലൂക്കാശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം പാലാ ജനറൽ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്കാശുപത്രി, ഇ.സി.ഡി.സി. കഞ്ഞിക്കോട്, മലപ്പുറം ജില്ലാ ആശുപത്രി തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂർനാട് ട്രൈബൽ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ക്യാൻസർ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കുന്നത്.
കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ള രോഗികൾ തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. എന്നാൽ ലോക് ഡൗൺ വന്നതോടെ ഇവരിൽ പലർക്കും തുടർചികിത്സ നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി.
രോഗികളുടെ വിവരങ്ങൾ സമീപ പ്രദേശത്തുള്ള ആശുപത്രികൾക്ക് കൈമാറും. ആർ.സി.സി.യിലെ ഡോക്ടർമാർ ടെലി കോൺഫറൻസിലൂടെ ഈ ആശുപത്രികളിലെ ബന്ധപ്പെട്ട ഡോക്ടർമാരുമായി സംസാരിച്ച് ചികിത്സ നിശ്ചയിക്കും. തുടർപരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകൾ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാൻ കഴിയുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Discussion about this post