പാലക്കാട് കൈക്കൂലി വാങ്ങി പിടിയിലായത് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാര്‍ ആണെങ്കിലും ഞെട്ടിയത് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്ത വിജിലന്‍സ് സംഘം. സുരേഷ് കുമാറിന്റെ ഒറ്റമുറി താമസസ്ഥലത്ത് എത്തിയ വിജിലന്‍സ് സംഘം ഞെട്ടിയത് കാര്‍ഡ് ബോര്‍ഡിലും പ്ലാസ്റ്റിക് കവറുകളിലും അലക്ഷ്യമായി പൊതിഞ്ഞുവെച്ച നോട്ടുകെട്ടുകള്‍ കണ്ടാണ്. ഇവ എണ്ണി തിട്ടപ്പെടുത്താന്‍ തന്നെ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളെടുത്തു. ഒരു കോടിയിലേറെയാണ് പണമായി തന്നെ കണ്ടെടുത്തത്.
വൈകിട്ട് ആറരയ്ക്കു തുടങ്ങിയ പരിശോധന രാത്രി എട്ടരയോടെയാണു പൂര്‍ത്തിയായത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ സുരേഷ് കുമാര്‍ ഏതാണ്ട് 17 വര്‍ഷത്തോളമായി പാലക്കാട് മണ്ണാര്‍കാട് കേന്ദ്രീകരിച്ചുള്ള വിവിധ വില്ലേജ് ഓഫിസുകളില്‍ ജോലി ചെയ്തുവരികയായിരുന്നു.
പല കവറുകളും പൊടിയും മാറാലയും പിടിച്ചാണ് നോട്ടുകെട്ടുകള്‍ ഇരുന്നത്. അത്രത്തോളം പഴക്കം നോട്ടുകള്‍ക്ക് ഉണ്ട്. ചോദ്യം ചെയ്തപ്പോള്‍ ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നാണു സുരേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ തെളിഞ്ഞുവന്നതു കോടികളാണ്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.05 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്.
മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയില്‍ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കണ്ടെടുത്തത്. ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയും കണ്ടെടുത്തു. കേരളത്തില്‍ തന്നെ ഒരു റവന്യൂ ഉദ്യോഗസ്ഥന്റെ പക്കല്‍നിന്നും പിടികൂടുന്ന വലിയ സംഖ്യയാണിത്. ആരുടെയെങ്കിലും ബെനാമിയാണോ സുരേഷ് എന്ന സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് സംഘം പറയുന്നത്. വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന മാത്രമാണു പൂര്‍ത്തിയാക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധന ഉണ്ടാകുമെന്നും വിജിലന്‍സ് സംഘം അറിയിക്കുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം ആവശ്യമാണെന്ന് അറിയിച്ചു.
Discussion about this post