കേരളം നടുങ്ങിയ പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കി കോടതി. തിരുവനന്തപുരം റൂറല്‍ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് രാസിത്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയത്. കേസില്‍ ഒന്നാം പ്രതിയായ ഗ്രീഷ്മയ്ക്കായി ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് തടസ്സ വാദവുമായി പ്രോസിക്യൂഷന്‍ രംഗത്ത് എത്തിയത്.
ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുള്ള വാദമാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. ഇത് വിചാരണയെ സാരമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. വിചാരണയ്ക്ക് കാലതാമസമുണ്ടായാല്‍ സാഹചര്യ തെളിവുകള്‍ നഷ്ടപ്പെടാനിടയുണ്ടെന്നുള്ള ഗുരുതരമായ വിഷയം നിലനില്‍ക്കുന്നുണ്ടെന്നും കോടതിക്കു മുന്നില്‍ പ്രേസിക്യൂഷന്‍ ബോധിപ്പിച്ചു. മാത്രമല്ല ആത്മഹത്യാ പ്രവണതയുള്ള ആളാണ് ഒന്നാം പ്രതിയായ ഗ്രീഷ്മ. അവര്‍ ജാമ്യത്തില്‍ ഇറങ്ങുന്നത് അപകടമാണെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത് കുമാര്‍ വാദിച്ചു.
ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി കസ്റ്റഡി വിചാരണ അനുവദിച്ചത്. അതിനിടെ പ്രതിഭാഗം ഗ്രീഷ്മയ്ക്കുവേണ്ടി ഫയല്‍ ചെയ്തിരുന്ന ജാമ്യ ഹര്‍ജി അപ്രതീക്ഷിതമായി പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ കസ്റ്റഡി വിചാരണ ഹര്‍ജി തീര്‍പ്പായശേഷം വീണ്ടും ജാമ്യ അപേക്ഷ നല്‍കാന്‍ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചിട്ടുണ്ട്.
പാറശ്ശാല സമുദായപ്പറ്റ് ജെപി ഭവനില്‍ ജയരാജിന്റെ മകന്‍ ഷാരോണ്‍ രാജിനെ(23) സുഹൃത്തായ ദേവിയോട്, രാമവര്‍മന്‍ചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തില്‍ ഗ്രീഷ്മ(22) കഷായത്തില്‍ വിഷംകലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പിച്ച കുറ്റപത്രത്തില്‍ ഷാരോണ്‍ വധക്കേസിലെ ഞെട്ടിക്കുന്ന വസ്തുതകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നുള്ള പ്രധാന വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. ഷാരോണിന് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയത് 2022 ഒക്ടോബര്‍ 14നാണ്. അന്നു രാവിലെ മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വരാന്‍ ഗ്രീഷ്മ നിര്‍ബന്ധിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഗ്രീഷ്മ തന്നെ ചതിച്ചെന്നുള്ള കാര്യം ഷാരോണ്‍ ബന്ധുവിനോട് വെളിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്ന് ആശുപത്രി ഐ സിയുവില്‍ വച്ച് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞതായാണ് സൂചന.
കീടനാശിനി കുടിക്കാന്‍ നല്‍കുന്നതിന്റെ തലേദിവസം അതായത് 2022 ഒക്ടോബര്‍ 13 ന് രാത്രി ഒരുമണിക്കൂറും ഏഴുമിനിട്ടും ഗ്രീഷ്മ ഷാരോണിനെ വിളിച്ച് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചു.14ന് രാവിലെ ശാരീകബന്ധത്തിലേര്‍പ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞു. ഇതു വിശ്വസിച്ചാണ് ഗ്രീഷ്മയുടെ വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
കഷായപ്പൊടി വെള്ളത്തില്‍ തിളപ്പിച്ചുണ്ടാക്കിയ കഷായത്തിലാണ് വിഷം കലര്‍ത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതേസമയം ഷാരോണ്‍ മരിച്ചതോടെ ചാറ്റുകള്‍ ഗ്രീഷ്മ നശിപ്പിച്ചുവെന്നും ഇവ തിരികെ എടുക്കാന്‍ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും നിരവധി തവണ ഗ്രീഷ്മ സെര്‍ച്ച് ചെയ്യുകയും ചെയ്തുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2022 മാര്‍ച്ച് നാലിന് പട്ടാള ഉദ്യോഗസ്ഥനുമായി ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടന്നിരുന്നു.
ഇതോടെ ഗ്രീഷ്മയും ഷാരോണും പിണങ്ങി. എന്നാല്‍, മേയ് മുതല്‍ വീണ്ടും അടുപ്പത്തിലാകുകയായിരുന്നു എന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വച്ച് താലികെട്ടി. തുടര്‍ന്ന് വെട്ടുകാട് പള്ളിയില്‍വച്ചും താലിക്കെട്ടി. ഇതിനുശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്നും അതില്‍ പറയുന്നുണ്ട്.
Discussion about this post