പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനെയും സഹായിക്കുന്ന വോളന്റിയേഴ്സിന് അഭിനന്ദനവും, നന്ദിയും അറിയിച്ച് കളക്ടർ പി.ബി നൂഹ്. വിശ്രമമില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങൾ ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് ഫെയ്സ്ബുക്കിലിട്ട വീഡിയോയിലൂടെ വിദ്യാർത്ഥികളും ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്ന വോളന്റിയേഴ്സിനെ കളക്ടർ പ്രശംസിച്ചത്.
മാർച്ച് 8 നാണ് ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളിൽ നിന്ന് പത്തനംതിട്ടയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ജില്ലാ ഭരണകൂടം ദ്രുതഗതിയിൽ ഒരുക്കിയ കോൾ സെന്ററിലും കൗൺസലിംഗ് സെഷനിലും മീഡിയ ഒബ്സർവേഷൻ ടീമിലും ഒക്കെയായി 200 ലധികം വോളന്റിയർമാരാണ് പ്രവർത്തിക്കുന്നത്. നിലവിൽ വിദേശരാജ്യങ്ങളിലിരുന്ന് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന വോളന്റിയർമാരും ഉണ്ടെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുന്നതിലും രോഗബാധ തടയുന്നതിലും ജില്ലാ ഭരണകൂടം നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തും സംസ്ഥാന തലത്തിലും പ്രത്യേക പ്രശംസ നേടിയിരുന്നു.
Discussion about this post