മലയാളത്തില്‍ പുതുതായി സംപ്രേക്ഷണം ആരംഭിക്കാന്‍ തുടങ്ങുന്ന ചാനലുകളിലൊന്നാണ് ദ ഫോര്‍ത്ത്. ഫാംഫെഡിന്റെ ഉടമസ്ഥരുടെ നേതൃത്വത്തിലുള്ള ചാനലിന് ചുക്കാന്‍ പിടിക്കുന്നത് മലയാളത്തിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരാണ്. വന്‍തോതില്‍ നിക്ഷേപം ഇറക്കി തന്നെയാണ് ചാനലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ചാനലാകും മുമ്പേ ഓണ്‍ലൈനും ആപ്പും തുടങ്ങിയ ദ ഫോര്‍ത്തിന് നിലവില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓഫീസുണ്ട്. ഇടതുപക്ഷ അനുഭാവം പുലര്‍ത്തുന്ന ചാനലായിട്ട് തന്നെയാണ് ഫോര്ത്തിന്റെയും വരവ്.
മറ്റ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജേര്‍ണലിസ്റ്റുകളെ വന്‍ ശമ്പളം നല്‍കിയാണ് ഫോര്‍ത്തിലേക്ക് എത്തിക്കുന്നത്. ചാനലിന്റെ മുഖങ്ങളായ ശ്രീജ ശ്യാമും ജോര്‍ജ് പുളിക്കനുമൊക്കെ മറ്റ് ചാനലുകളിലെ വലിയ ശമ്പളവും സ്ഥാനവും ഉപേക്ഷിച്ചാണ് ഫോര്‍ത്തിലേക്ക് ചേക്കേറിയത്. ഏഷ്യാനെറ്റിലും മനോരമയിലും മാതൃഭൂമിയിലും കിട്ടിയിരുന്നതിനേക്കാള്‍ വലിയ പാക്കേജ് ഫോര്‍ത്ത് നല്‍കുന്നുമുണ്ട്.
കഴിഞ്ഞ ദിവസം മനോരമയുടെ മുഖങ്ങളില്‍ ഒരാളായ അയ്യപ്പദാസ് രാജിവയ്ക്കുകയുണ്ടായി. മനോരമയില്‍ നിന്ന് ഫോര്‍ത്തിലേക്ക് വരാനാണ് അയ്യപ്പദാസ് നീണ്ടകാലത്തെ മനോരമ ജീവിതം അവസാനിപ്പിച്ചത്. ഫോര്‍ത്തില്‍ വലിയ പൊസിഷനിലേക്കാണ് അയ്യപ്പദാസിനെ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മനോരമ ഓഫര്‍ കൂട്ടി നല്‍കിയതോടെ മനോരമയെ സേവിക്കാന്‍ അദേഹം തീരുമാനിക്കുകയായിരുന്നു.
Discussion about this post