ഓസ്കാര്‍ പ്രചാരണത്തിനായി ആര്‍ആര്‍ സിനിമയുടെ നിര്‍മാതാക്കള്‍ 80 കോടിയിലധികം രൂപ ചെലവഴിച്ചതായി ചില അഭ്യൂഹങ്ങള്‍ വന്നിരുന്നു. പണമിറക്കി ഓസ്കര് നേടിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ചിലരുടെ വിമര്‍ശനം.
ഇതിനോട് പ്രതികരിക്കുകയാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യുസറും സംവിധായകന് രാജമൗലിയുടെ മകനുമായ എസ് എസ് കാര്‍ത്തികേയ. ഓസ്കര് ജേതാക്കളായ സംഗീതസംവിധായകന് കീരവാണിക്കും ഗാനരചയിതാവ് ചന്ദ്രബോസിനുമായിരുന്നു ഓസ്കര് ചടങ്ങിലേക്ക് സൗജന്യ പ്രവേശനം ലഭിച്ചിരുന്നത്. സംവിധായകനും അഭിനേതാക്കളും ഉള്‍പ്പെടെ ബാക്കി പങ്കെടുത്തവരെല്ലാം ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ടിക്കറ്റെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. സിനിമയുടെ പ്രചാരങ്ങള്‍ക്കായി ആകെ മുടക്കിയത് 8.5 കോടി രൂപയാണെന്ന് കാര്‍ത്തികേയ പറയുന്നു.
‘അഞ്ചു കോടി രൂപക്കുള്ളില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതായിരുന്നു പ്ലാന്‍, പക്ഷേ പ്രചാരണത്തിനായി 8.5 കോടി ചെലവഴിക്കേണ്ടി വന്നു. ആര്‍ആര്‍ആറിനായി യുഎസ്എയിലെ രണ്ട് നഗരങ്ങളില്‍ പ്രത്യേക സ്ക്രീനിങ്ങായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ പിന്നീട് ന്യൂയോര്‍ക്കില്‍ കൂടുതല്‍ ഷോകള്‍ ആവശ്യമാണെന്ന് കരുതി,അതും സംഘടിപ്പിക്കേണ്ടിവന്നു.
‘സാധാരണയായി വോട്ടര്‍മാരെ ക്ഷണിക്കുന്ന ഇത്തരം സ്ക്രീനിങ്ങുകള്‍ക്കായി വലിയൊരു തുകയാണ് ചെലവഴിക്കുന്നത്. എല്ലാ ആര്‍ആര്‍ആര്‍ പ്രദര്‍ശനങ്ങളും ഹൗസ്ഫുള് ഷോകളായിരുന്നുവെന്നും അത്തരമൊരു സംഭവം ആദ്യമാണെന്നുമാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം,’ ഗലാട്ട പ്ലസ്സിന് നല്കിയ അഭിമുഖത്തില്‍ കാര്‍ത്തികേയ പറഞ്ഞു.
Discussion about this post