രാജ്യാന്തര സൗഹൃദ മല്‍സരത്തില്‍ കുറാക്കോയെ ഏഴടിയില്‍ നാണംകെടുത്തി ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് കിടിലന്‍ ജയം. മല്‍സരത്തില്‍ ഹാട്രിക്ക് നേടി ക്യാപ്റ്റന്‍ ലയണല്‍ മെസിയും കരുത്തുകാട്ടി.
ഇന്നത്തെ മല്‍സരത്തിലെ മൂന്നു ഗോളുകളുടെ പിന്‍ബലത്തില്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ സെഞ്ചുറി ഗോളുകള്‍ തികയ്ക്കാനും മെസിക്കായി. നിലവില്‍ 102 ഗോളുകളാണ് മെസിയുടെ സമ്പാദ്യം.
20,33,37 മിനിറ്റുകളിലാണ് ഇതിഹാസ താരം കുറാക്കോയുടെ വലയില്‍ പന്തെത്തിച്ചത്. ആഗോള ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (122), ഇറാന്റെ അലി ദേയി (109) എന്നിവര്‍ മാത്രമാണ് മെസിക്കു മുന്നിലുള്ളത്.
രണ്ടാം പകുതിയില്‍ മാറ്റങ്ങളുമായി ഇറങ്ങിയ അര്‍ജന്റീന പെനാല്‍റ്റിയിലൂടെ ആറാമത്തെ ഗോളും നേടി. ഡി മരിയയാണ് പെനാല്‍റ്റിയിലൂടെ ആറാമത്തെ ഗോള്‍ നേടിയത്. തുടര്‍ന്ന് മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ മോന്റിയാലിലൂടെ അര്‍ജന്റീന തങ്ങളുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
അടുത്ത ലോകകപ്പും കളിക്കാന്‍ പദ്ധതിയുണ്ടെന്ന് മെസി വ്യക്തമാക്കിയതോടെ റൊണാള്‍ഡോയുടെ ഗോള്‍ റിക്കാര്‍ഡും അപകട ഭീഷണിയിലാണ്. ഈ ഫോമില്‍ കളിക്കാനായാല്‍ മെസിക്ക് റോണോയുടെ റിക്കാര്‍ഡും അനായാസം മറികടക്കാന്‍ സാധിക്കും.
Discussion about this post