ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചനകള്‍ നല്കി കോണ്‍ഗ്രസ്. നിലവില്‍ കോണ്‍ഗ്രസിന്റെ വിജയ് വസന്ത് ആണ് കന്യാകുമാരിയുടെ എംപി.
2019 ല്‍ തമിഴ്നാട്ടില്‍ നിന്നുമുളള ചില എംപിമാര്‍ കന്യാകുമാരിയില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന് നിര്‍ദേശം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സരിക്കുന്നില്ലെന്ന് പ്രിയങ്ക തീരുമാനിക്കുകയായിരുന്നു. ദി പ്രിന്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാഹുല്‍ ഗാന്ധിയെ കന്യാകുമാരിയിലേക്ക് കൊണ്ടുവരുന്നതിന് രണ്ട് കാരണങ്ങളാണ് ഉളളതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സുരക്ഷിതമായ ഒരു സീറ്റില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കുകയെന്ന കോണ്‍ഗ്രസിന്റെ തീരുമാനമാണ് ഒന്നാമത്തെ കാരണം. ഡിഎംകെ- ഇടതുപക്ഷ സഖ്യത്തിനോടൊപ്പം നിന്ന് ബിജെപിക്ക് എതിരെ മത്സരിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെപ്പോലുള്ള മുതിര്‍ന്ന ഇടതുപക്ഷ നേതാക്കളുമായുള്ള അടുപ്പം കണക്കിലെടുത്ത് കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധി മത്സരിച്ചത് മോശം സാഹചര്യം സൃഷ്ടിച്ചുവെന്നാണ് ചില നേതാക്കളുടെ വിലയിരുത്തല്‍.
മത്സരം ബിജെപിക്കെതിരെയാണെന്ന് വരുത്താനാണ് കന്യകുമാരിയിലേക്കുളള മാറ്റമെന്നും രണ്ടാമത്തെ കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാഹുല്‍ കന്യാകുമാരിയില്‍ മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റേയും ഇടത്പക്ഷത്തിന്റേയും സംയുക്ത സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും മത്സരിക്കുക.
2019ല്‍ വയനാട് തെരഞ്ഞെടുക്കുന്നതിന് മുമ്പ് രാഹുലിനായി കന്യാകുമാരിക്കൊപ്പം ബെംഗളൂരു റൂറലിലും ആലോചിച്ചിരുന്നുവെന്ന് ഒരു നേതാവ് പറഞ്ഞു. രാഹുല്‍ കന്യാകുമാരിയിലേക്ക് നീങ്ങുകയാണെങ്കില്‍ ബെംഗളൂരു റൂറലില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സരിക്കാനും സാധ്യതയുണ്ടെന്ന് ദി പ്രിന്റ് പറയുന്നു.
Discussion about this post