സ്മാര്‍ട് ഫോണുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്നു. ഐടി മന്ത്രാലയമാണ് നിയമത്തിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്. സ്മാര്‍ട് ഫോണുകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ആപ്പിള്‍, സാംസങ് തുടങ്ങിയ അന്താരാഷ്ട്ര ഭീമന്മാര് ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിക്കാന്‍ മത്സരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്കുന്ന ഫോണുകള്‍ നിര്‍മ്മിക്കാനും അതുവഴി കൂടുതല്‍ ഉപഭോക്താക്കളെ നേടാനുമാണ് കമ്പോളത്തില്‍ മത്സരം നടക്കുന്നത്. എന്നാല്‍ ഫോണുകളില്‍ മുന്‍കൂട്ടി ഉള്ളടക്കം ചെയ്ത ആപ്പുകള്‍ ഒട്ടും തന്നെ സുരക്ഷിതമല്ല എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ വന്‍തോതില്‍ ചോരുന്നതിന് പല ആപ്പുകളും കാരണമാകുന്നുണ്ട്. ഇത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പുതിയ നിയമത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നേരത്തെ ടിക്ടോക് അടക്കം മുന്നൂറോളം ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇന്തോ ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു നിരോധനം. പല രാജ്യങ്ങളും ചൈനീസ് ആപ്പുകള്‍ നിരോധിച്ചിട്ടുണ്ട്. നിലവില്‍ പല ആപ്പുകളും ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയാത്ത വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്.
പുതിയ നിയമ പ്രകാരം സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ ആപ്പുകള്‍ നീക്കം ചെയ്യാനുള്ള ഓപ്ഷന് കൂടി നല്‍കേണ്ടി വരും. നിയമം നിലവില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ ഇത് നടപ്പാക്കണം. നിലവില്‍ ചൈനീസ് കമ്പനികള്‍ക്കാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുന്‍തൂക്കം. തൊട്ടു പിന്നില്‍ തെക്കന്‍ കൊറിയയാണ്. ആപ്പിളിന് കേവലം മൂന്ന് ശതമാനം മാത്രമേ ഷെയര്‍ ഉള്ളൂ.
കഴിഞ്ഞ മാസം എട്ടാം തീയതി പുതിയ നിയമം സംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയത്തില്‍ ഉന്നതതല യോഗം നടന്നതായി ‘ദ എക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post